സുകുമാരനും ജഗതിയും തമ്മില്‍ സെറ്റില്‍ വഴക്കായി; മല്ലിക നടനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍…
ജഗതി ശ്രീകുമാറും മല്ലിക സുകുമാരനുമായുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ചര്‍ച്ചയായതാണ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച ഇരുവരും പിന്നീട് വേര്‍പിരിയുകയാണുണ്ടായത്. രണ്ട് പേരും സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കാലത്തായിരുന്നു ഈ ബന്ധം. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടമായിരുന്നു മല്ലികയ്ക്ക് ഇത്. തനിക്ക് രണ്ടാമതൊരു ജീവിതം തന്നത് സുകുമാരനാണെന്ന് മല്ലിക അഭിമാനത്തോടെ ഇപ്പോള്‍ പറയാറുണ്ട്.
മല്ലികയുമായി പിരിഞ്ഞതിനെക്കുറിച്ച് ജഗതി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ശാന്തിവിള ദിനേശാണ് നടന്റെ പഴയ അഭിമുഖത്തിലെ ഭാഗങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ജഗതിയുടെ വാക്കുകള്‍ വായിക്കാം.
വുമണ്‍സ് കോളേജില്‍ പഠിക്കുന്ന മല്ലികയുമായി ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ പ്രണയത്തിലായി. അസ്ഥിയില്‍ പിടിക്കുന്ന പ്രണയമായി ഞങ്ങള്‍ ഒളിച്ചോടുകയായിരുന്നു. നാഗര്‍കോവില്‍ വഴി മദിരാശിയിലേക്ക്. പത്ത് വര്‍ഷത്തേക്ക് തിരുവനന്തപുരത്തേക്ക് ഞങ്ങള്‍ വന്നിട്ടില്ല. ഞങ്ങള്‍ രണ്ട് സമുദായത്തില്‍ പെട്ടവരായിരുന്നല്ലോ. പ്രബല സമുദായത്തില്‍ അംഗമായിരുന്നു മല്ലിക. അന്നെനിക്ക് 21 വയസായിരുന്നു പ്രായം. കല്യാണം കഴിക്കാന്‍ പ്രായപൂര്‍ത്തിയാകണമെന്ന് ഞങ്ങള്‍ക്കറിയാം. അതിന് ശേഷം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു.
സമുദായത്തെ ഓര്‍ത്ത് എനിക്ക് ഭയമായിരുന്നു. സിനിമാ സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള യാത്ര കൂടിയായിരുന്നു അത്. പെട്ടി മാത്രമായിരുന്നു കൈയില്‍. ജഗതി എന്‍കെ ആചാര്യയുടെ മകനാണ് ഞാനെന്നും കൈനിക്കര കുമാരപിള്ളയുടെ ബന്ധുവാണ് മല്ലികയെന്നും മദിരാശിയിലെ ചിലര്‍ക്കൊക്കെ അറിയാം. ചങ്ങമ്പുഴയുടെ രമണനൊക്കെ വായിച്ച ഹാങ് ഓവറിലാണ് ഞങ്ങളുടെ പോക്ക്.
രണ്ട് പേര്‍ക്കും ഒരേ ദിശയിലേക്ക് തുഴയാം, ഒരു തോണിയില്‍ ഒഴുകാം എന്നൊക്കെയുള്ള കാല്‍പനിക ചിന്ത. തികച്ചും ഉട്ടോപ്യന്‍ കാഴ്ചപ്പാടോടെയുള്ള യാത്ര. നാടുമായി ബന്ധമില്ലാത്ത പത്ത് വര്‍ഷങ്ങളായിരുന്നു പിന്നീട്. അച്ഛന്‍ എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല. ഏകദേശം പത്ത് വര്‍ഷത്തോളം ഞാനും മല്ലികയും ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് മല്ലിക സ്വന്തം സമുദായത്തില്‍ പെട്ട സുകുമാരനുമായി പ്രണയത്തിലാവുന്നത്.
അവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വിദ്യഭ്യാസം ഉള്ളതിനാല്‍ ഒരുപാട് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പിരിയാന്‍ തീരുമാനിച്ചു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയോട് കാര്യം പറഞ്ഞു. ഹൃദയഭേദകമായ അവസ്ഥകള്‍ ഒഴിവാക്കി നല്ല രീതിയില്‍ മല്ലിക വിവാഹം കഴിക്കുന്നതിന് തമ്പി മീഡിയേറ്ററായി. അങ്ങനെ മല്ലിക സുകുമാരന്റെ കൂടെ ജീവിതം തുടങ്ങി. വല്ലാത്ത ഏകാന്തത വന്നു. വീട്ടിലേക്ക് തിരിച്ചെന്ന് ജഗതി അന്ന് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
പരസ്പരം പ്രശ്‌നങ്ങളൊന്നുമില്ലാതെ മല്ലികയും താനും രണ്ട് വഴിക്ക് നീങ്ങിയെന്ന് ജഗതി അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ വാദം ശരിയാണെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മല്ലിക ചേച്ചി സുകുമാരേട്ടനോടൊപ്പം താമസമായ ശേഷം അമ്പിളി ചേട്ടനും സുകുമാരേട്ടനും ഒന്നിച്ചഭിനയിക്കുന്ന സെറ്റില്‍ ഇരുവരും വലിയ വഴക്കുണ്ടായെന്ന് താന്‍ മുമ്പ് അറിഞ്ഞിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.