KeralaNEWS

വിമര്‍ശന ശരങ്ങളുമായി ജില്ലാ കമ്മിറ്റികള്‍; ഉത്തരംമുട്ടി സി.പി.എം. നേതൃത്വം

തിരുവനന്തപുരം :ഭരണ വിരുദ്ധ വികാരമല്ല പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കനത്ത പതനത്തിന് കാരണമെന്ന് സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടുമ്പോഴും, മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ പരക്കെ ഉയരുന്ന അതിതീഷ്ണ വിമര്‍ശനങ്ങള്‍ സി.പി.എമ്മിനെ അന്ധാളിപ്പിക്കുന്നു. യോഗങ്ങളില്‍

പങ്കെടുക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും, വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനാവാതെ പതറുന്നു. ഇതിനെതിരെ ഒരെതിര്‍ ശബ്ദം പോലും യോഗങ്ങളില്‍ ഉയരുന്നില്ലെന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.കേരളത്തില്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിലെ തോല്‍വി സ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ത്രിദിന യോഗം 28 മുതല്‍ ഡല്‍ഹിയില്‍ ചേരും.

Signature-ad

സ്വന്തം തട്ടകമായ കണ്ണൂരില്‍പ്പോലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമെതിരെ അതിനിശിത വിമര്‍ശനമാണ് ഉയര്‍ന്നത്.പാര്‍ട്ടിയുടെ അടിത്തറയായിരുന്ന അടിസ്ഥാന ജന വിഭാഗങ്ങളെ അകറ്റി. അക്കരപ്പച്ച തേടിയുള്ള ന്യൂനപക്ഷ പ്രീണനം അതിരു വിട്ടപ്പോള്‍, ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക-പട്ടിക ജനതയുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടില്ലെന്ന് നടിച്ചു. സ്വയം കുഴിതോണ്ടുന്നതിലെ ആപത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ ശ്രമിച്ച ബന്ധപ്പെട്ട സമുദായ നേതാക്കളെ വര്‍ഗീയ വാദികളായി ചിത്രീകരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി ശ്രമിച്ചത്. ഈഴവ സമുദായത്തെ സംഘ പരിവാര്‍ പാളയത്തില്‍ കൊണ്ടു കെട്ടാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ശ്രമിച്ചതെന്ന ആരോപണം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയില്‍ നിന്ന് പാര്‍ട്ടിക്ക് മോചനം നേടാനാവുന്നില്ലെന്നതിന്റെ സൂചനയായി.

ചില ക്രൈസ്ത വിഭാഗങ്ങള്‍ ഫണ്ടിന്റെയും കേന്ദ്രത്തിന്റെ ഭീഷണിയുടെയും പേരില്‍ ബി.ജെ.പിയിലേക്ക് മനസ് മാറ്റിയെന്ന ആരോപണവും ക്രൈസ്തവ സംഘടനകളില്‍ പ്രതിഷേധമുയര്‍ത്തി. പിന്നാക്ക സമുദായങ്ങള്‍ സര്‍ക്കാരിന്റെ അവഗണനകള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചു തുടങ്ങിയപ്പോള്‍, അവരെ അപഹസിച്ച് കൂടുതല്‍ ആട്ടിയകറ്റുകയാണെന്ന വികാരമാണ് ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഉയരുന്നത്.

ജനങ്ങളെ വെറുപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പാര്‍ട്ടിയില്‍ ഉയരുന്ന പൊതു വികാരം നേതൃ മാറ്റത്തിനല്ലെന്ന് വ്യക്തം. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഒരു ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നില്ല. അതേസമയം, മൈക്കിനോട് പോലുമുള്ള കലഹവും മകള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനവും പോലും ചോദ്യം ചെയ്യപ്പെടുന്നു.

പാര്‍ട്ടിയില്‍ വി.എസ്- പിണറായി പോര് ശക്തമായിരുന്ന കാലത്ത് പോലും പാര്‍ട്ടി ജില്ലാ കമ്മിറ്റികളിലെ വാദ പ്രതിവാദങ്ങള്‍ക്ക് ഇരുപക്ഷത്തും ചുക്കാന്‍ പിടിക്കാന്‍ കരുത്തരായ നേതൃ നിരയുണ്ടായിരുന്നു.വിഭാഗീയത അനുസരണയിലേക്കും, സ്തുതി പാടലിലേക്കും വഴി മാറിയപ്പോള്‍ നഷ്ടമായത് പാര്‍ട്ടിയുടെ മുഖവും തിരുത്തല്‍ ശേഷിയാണ്. സര്‍ക്കാരിന്റെ മാത്രമല്ല, സര്‍ക്കാരിനും,പാര്‍ട്ടിക്കും കളങ്കം സൃഷ്ടിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെയും,ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വങ്ങളുടെയും നടപടികളെയും തിരുത്താനുള്ള ശേഷി പാര്‍ട്ടി നേതൃത്വത്തിന് നഷ്ടമായി.ജനങ്ങളാണ് പാര്‍ട്ടിയിലും,ഭരണത്തിലും വലുതെന്ന മനോഭാവം മുഖ്യമന്ത്രിക്കും,മന്ത്രിമാര്‍ക്കും ഉണ്ടാവണമെന്ന മുന്നറിയിപ്പ് കൂടിയാണ് പാര്‍ട്ടിയില്‍ മുഴങ്ങുന്നത്.

 

Back to top button
error: