ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ ബാഗ് നഷ്ടമായ കേസില്‍ റെയില്‍വെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃ കോടതി. റെയില്‍വെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളില്‍ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരത്തിന് വിധിച്ചത്.
80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയില്‍ ഝാന്‍സിക്കും ഗ്വാളിയോറിനും മധ്യേ, മാല്‍വ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡല്‍ഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.
ആദ്യം റെയില്‍വേക്ക് പരാതി കൊടുത്തപ്പോള്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരി തന്റെ വസ്തുക്കളുടെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചുവെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാല്‍ ഇക്കാര്യം കമ്മീഷന്‍ സ്വീകരിച്ചില്ല. റെയില്‍വേയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മോഷണം നടക്കില്ലായിരുന്നുവെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഡല്‍ഹിയിലുടനീളം ഓടുന്ന ട്രെയിനുകളില്‍ മോഷണവും പിടിച്ചുപറയും നടക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നു. ആക്ടിവിസ്റ്റ് ചന്ദ്ര ശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി റെയില്‍വേ നല്‍കിയ ഡാറ്റയിലാണ് ഇക്കാര്യമുള്ളത്. ഡല്‍ഹിയിലുടനീളം ഓടുന്ന ട്രെയിനുകളില്‍ പ്രതിദിനം 12 കുറ്റകൃത്യങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍. മിക്കവാറും മോഷണവും പിടിച്ചുപറിയുമാണ്. 2023 നവംബര്‍ അവസാനം വരെ, 4,342 കുറ്റകൃത്യങ്ങളാണ് ഡല്‍ഹിയിലെ റെയില്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ഡി.സി.പി) രേഖപ്പെടുത്തിയത്. 2022 ലെ 3,065 കേസുകളില്‍ നിന്ന് 30 ശതമാനമാണ്.
മോഷണക്കേസുകള്‍ 2022ല്‍ 2,831ല്‍ നിന്ന് 2023 നവംബര്‍ 30ന് 3,909 ആയി ഉയര്‍ന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ 2021ല്‍ 19-ല്‍ നിന്ന് 2022ല്‍ 85ഉം 2023ല്‍ 96ഉം ആയി ഉയര്‍ന്നു.