KeralaNEWS

തട്ടിപ്പുകളിൽ തല വച്ച് കേരളം: സൈബർ കെണിയിൽ വീണ് ഈ മെയ് മാസം മലയാളിക്ക് നഷ്ടമായത് 200 കോടിയോളം രൂപ, തലസ്ഥാനത്ത് വനിതാ ടെക്കിക്ക് പോയത് 14 ലക്ഷം

         സൈബർ തട്ടിപ്പുകളിൽ അനുദിനം മലയാളികൾക്കു നഷ്ടപ്പെടുന്നത് കോടികളാണ്. ഇന്നിതാ തലസ്ഥാനത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണകളായി 14 ലക്ഷം രൂപ തട്ടിയെടുത്തത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും 38കാരിയായ യുവതി അറിയിച്ചെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഉള്‍പ്പെടെ  ഇ-മെയിലില്‍ അയച്ചു കൊടുത്തു. ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയാല്‍ നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചാണ് പണം തട്ടി എടുത്തത്.

Signature-ad

ഒടുവിൽ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
*           *           *
സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ടു ചെയ്തത് ആലപ്പുഴയിൽ. ഓൺലൈൻ ഓഹരി വ്യാപാര നിക്ഷേപവുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിക്ക് രണ്ട് മാസത്തിനിടയിൽ നഷ്ടപ്പെട്ടത് 7.55 കോടി രൂപ. രണ്ട് വൻ കമ്പനികളുടെ സി.ഇ.ഒമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ചുമാണ് പണം തട്ടിയെടുത്തത്.
*          *          *
സംസ്ഥാനത്തെ ആദ്യ എ ഐ തട്ടിപ്പുകേസിൽ കോഴിക്കോട് പാലാഴി സ്വദേശിക്ക് നഷ്ടമായത്  40,000 രൂപ.

എ ഐ, ഡീപ് ഫെയ്ക് സാങ്കേധിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് നടന്ന ആദ്യ തട്ടിപ്പ് ആയിരുന്നു ഇത്.  കേന്ദ്ര സർവീസ് ജീവനക്കാരൻ്റെ കൂടെ ജോലി ചെയ്തിരുന്ന വ്യക്തിയുടെ ശബ്ദവും വിഡിയോയും നിർമ്മിച്ച ശേഷം വീഡിയോ കോളിലൂടെ ആശുപത്രി ആവശ്യത്തിന് എന്നു പറഞ്ഞാണ് 40000 രൂപ കൈവശപ്പെടുത്തിയത്. തെലങ്കാനയിൽ നിന്നാണ് കേസിലെ ഒന്നാം പ്രതി മുഹമ്മദ് അലിയെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടിയത്.
*           *          *
തമിഴ് നാട് വെല്ലൂർ സ്വദേശിയും കാസർകോട് ബീരന്ത് വയലിൽ താമസക്കാരനുമായ എസ് സുരേഷ് ബാബുവിന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 2,23,94,993 രൂപയാണ്. ഈ മെയ് 17 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിലായി ടെലഗ്രാം വഴി ചാറ്റ് ചെയ്തും ഫോൺ വഴിയും വീട്ടിൽ നിന്ന് ചെയ്യാവുന്ന പാർട് ടൈം ജോലി വാഗ്ദാനം ചെയ്തുമാണ് യുവാവിൽ നിന്ന് പല അകൗണ്ടുകളിലേക്ക് പ്രതികൾ വിവിധ ദിവസങ്ങളിലായി  പണം അയപ്പിച്ചത്.
*         *          *
കണ്ണൂർ സ്വദേശിയായ യുവതിയിൽ നിന്ന് 1,80,000 രൂപ തട്ടി എടുത്തത് ഓൺലൈൻ ഈ കോമേഴ്സ് നടത്തി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഈ കേസിൽ കാസർഗോഡ് സ്വദേശി അബ്ദുൾ സമദിനെ കണ്ണൂർ സൈബർ ക്രൈം പോലീസിസ് പിടികൂടിയത് വിമാനത്താവളത്തിൽ വച്ചാണ്. ഇയാൾ സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്.
*           *          *
കുറഞ്ഞ നിരക്കിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് വാഗ്ദാനത്തിൽ ആകൃഷ്ടനായ കണ്ണൂർ സ്വദേശിക്ക് യു. എ. ഇയിൽ നഷ്ടപ്പെട്ടത് 10 ലക്ഷത്തിലേറെ രൂപ (45,000 ദിർഹം). ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റിന്റെ ആദായ വിൽപന പരസ്യമാണ് കണ്ണൂർ സ്വദേശിയെ കുടുക്കിയത്. 2 ടിക്കറ്റിന് ഒരെണ്ണത്തിന്റെ തുക നൽകിയാൽ മതി എന്നായിരുന്നു വാഗ്ദാനം. 2 ടിക്കറ്റ് വാങ്ങി ഡെബിറ്റ് കാർഡ് നമ്പറും സിസിവി നമ്പറും ഒ.ടി.പിയും നൽകി പണമടച്ചു.

പിന്നീട് ഏതാനും ദിവസത്തിനു ശേഷം ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് കണ്ട് പ്രവാസി യുവാവ് ഞെട്ടി. 3 തവണയായി 45,000 ദിർഹം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിരിക്കുന്നു.
*           *          *
സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ റീലുകള്‍ക്ക് ലൈക്ക് കൊടുക്കുന്ന ജോലി ചെയ്താല്‍ കമ്മീഷന്‍ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊട്ടാരക്കര പനവേലി സ്വദേശിനിയില്‍ നിന്നും തട്ടി എടുത്തത് 31,93,500 രൂപ. ഈ കേസിൽ മലപ്പുറം, താനൂര്‍ സ്വദേശി ഫാറൂഖ്.പി. പി പിടിയിലായി.
*           *           *
എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ 4 പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം  റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
*           *           *
കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ പ്രഭുവിൻ്റെ 4,75,000 രൂപ തട്ടിയെടുത്തത് ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചാണ്.

പളളിക്കുന്നിലെ രതിനിവാസിൽ വി അമൃതരാജിൻ്റെ 1,10,000 രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്. കണ്ണൂർ കേളകം  അമ്പായത്തോട് സ്വദേശിയുടെ 2,40,000 രൂപയും ഈ വഴിയിലൂടെ നഷ്ടമായി.
*           *           *
ആലപ്പുഴജില്ലാ ക്രൈംബ്രാഞ്ച്‌  2.67 കോടി രൂപ കവര്‍ന്ന സൈബര്‍ തട്ടിപ്പ്‌ കേസിലെ മൂന്നു യുവാക്കളെ  അറസ്‌റ്റ്‌ ചെയ്‌തു. ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്ന മാന്നാര്‍ സ്വദേശിയുടെ വാട്‌സാപ്പിലൂടെ സെക്യോള ക്യാപിറ്റല്‍ സ്‌റ്റോക്ക്‌ ട്രേഡിംഗ്‌ ഡിപ്പാര്‍ട്‌മെന്റ്‌ എന്ന സ്‌ഥാപനത്തിന്റെ സി.ഇ.ഒ ആണെന്ന്‌ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്‌. മലപ്പുറം സ്വദേശികളായ ഷെമീര്‍ പൂന്തല, അബ്‌ദുള്‍ വാജിദ്‌, ഹാരിസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
*           *           *
മാവേലിക്കര പ്രായിക്കര വിളയിൽ വീട്ടിൽ സത്യദേവൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 24.25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ ഗുജറാത്തിലെ സൂറത്തിൽ നിന്നും  പോലീസ് സംഘം പൊക്കി. സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുൺ വാസുദേവ്  അമേരിക്കയിൽ വെച്ച് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ന്യൂയോർക്ക് കമ്യൂണിറ്റി ബാങ്കിൽ 75 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും, അതിന്റെ അവകാശിയായി സത്യദേവന്റെ പേരാണ് നൽകിയിട്ടുളളതെന്നും, ആ തുക സത്യദേവന് ലഭിക്കുമെന്നും പറഞ്ഞ് പ്രതികൾ സത്യദേവനെ ഓൺലൈനായി ബന്ധപ്പെട്ടിരുന്നു. സർവ്വീസ് ചാർജ്ജുകൾ അടച്ചാൽ മാത്രമേ പണം ലഭിക്കുകളളൂ എന്ന് പ്രതികൾ സത്യദേവനെ അറിയിച്ചതു പ്രകാരം, പല തവണകളായി സത്യ ദേവനിൽ നിന്നും പ്രതികൾ ഓൺലൈനായി പണം തട്ടിയെടുത്തു.
*           *           *
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ കാസര്‍കോടെ വിവിധ സ്റ്റേഷനുകളില്‍ 2 ദിവസത്തിനിടെ 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപ നഷ്ടമായത് മൂവി പ്ലാറ്റ്‌ഫോം എന്ന കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ്. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സാപ്പിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ്. ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപ നഷ്ടമായതും ഇത്തരത്തില്‍ തന്നെ.
പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്ദനം നൽകി മാങ്ങാട്  സ്വദേശിനിക്ക് നഷ്ടമായത് 99,999 രൂപയാണ്.
*           *           *
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഈ മെയ് മാസത്തില്‍ മാത്രം നഷ്ടപ്പെട്ടത് 186.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

തൊഴില്‍- ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുകൾ, ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്, ഹണിട്രാപ്പ്, ഒഎല്‍എക്സ് തട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി ട്രേഡിങ്, ഷെയര്‍ ട്രേഡിങ്, പാര്‍ട്ട്ടൈം-  ഡാറ്റ എന്‍ട്രി ജോലികൾ, വിദേശ രാജ്യങ്ങളിലും കപ്പലിലും മറ്റും ജോലി  എന്നിവയാണ് കൂടുതലായി കണ്ടുവരുന്ന തട്ടിപ്പു വഴികൾ. ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പുകളില്‍  ഇരയാകുന്നത് സ്ത്രീകളാണ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലിചെയ്ത് വരുമാനം നേടാം എന്ന് കരുതിയാണ് സ്ത്രീകള്‍ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത്.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക് വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. അജ്ഞാത നമ്പറിൽ നിന്ന് ആപ് ഇൻസ്റ്റാൾ ചെയ്യാനോ, ലിങ്കിൽ കയറാനോ ആവശ്യപ്പട്ടാൽ അതിൽ കുടുങ്ങരുത്.

തട്ടിപ്പുസംഘം ഫോൺ ഹാക്ക് ചെയ്യുകയോ ബാങ്കിലെ നമ്പർ മാറ്റുകയോ ചെയ്യുന്നതിനാൽ പിന്നീട് നടക്കുന്ന ബാങ്ക് ഇടപാട് വ്യക്തി അറിയില്ല. അതിനാൽ ഓൺലൈനിൽ ഏതൊരു ഇടപാട് നടത്തുമ്പോഴും സുരക്ഷ ഉറപ്പാക്കണണം. വ‍‍ഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിലും ബാങ്കിലും പരാതിപ്പെടണമെന്നും ഓർമിപ്പിച്ചു.

Back to top button
error: