KeralaNEWS

ചിരിയല്ല, ജീവിതം: മക്കളെ സാക്ഷിയാക്കി ധർമജൻ്റെയും അനൂജയുടെയും രണ്ടാം വിവാഹം

ധര്‍മജൻ ബോള്‍ഗാട്ടിയും അനൂജയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കി ധര്‍മജൻ അനൂജയ്‍ക്ക് താലി ചാര്‍ത്തി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ഫോട്ടോയെടുത്ത് ധർമജന്റെ പെൺമക്കളായ വേദയും വൈഗയും!

ധർമ്മജന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായി മാറിയത്. ഭാര്യ അനൂജയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണത്.

Signature-ad

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം…’
ഇതായിരുന്നു ധർമ്മജൻ്റെ കുറിപ്പ്.

പക്ഷേ എന്താണ് ധർമ്മജന്‍ ഉദ്ദേശിക്കുന്നതെന്ന ആശങ്കയിലായി ആരാധകർ. വിവാഹ വാർഷികമാണ് എന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ യഥാർത്ഥത്തില്‍ ഇന്നായിരുന്നു ഇരുവരുടേയും ഔദ്യോഗിക വിവാഹം. ക്ഷേത്രത്തില്‍ വച്ച് ഇരുവരും താലികെട്ടുകയും ചെയ്തു. ഇതേക്കുറിച്ച് ധർമ്മജന്‍ തന്നെ വ്യക്തമാക്കുന്നു:

‘ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, പല കാര്യങ്ങള്‍ക്കും ഒരു ഔദ്യോഗിക രേഖ ആവശ്യമാണ്. അതിന് വേണ്ടി കൂടിയാണ് ഈ വിവാഹം.

ഞങ്ങള്‍ ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്തില്ലെന്ന് അറിഞ്ഞതോടെ പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു:
“നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല”

എന്നും കുറ്റപ്പെടുത്തി. അധികം ആരേയും അറിയിക്കാതെ രഹസ്യമാക്കി തന്നെയാണ് ഈ ചടങ്ങുകള്‍ നടത്തിയത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് നേരത്തെ പലതവണ ധർമ്മജന്‍  വ്യക്തമാക്കിയിരുന്നു. പ്രണയത്തിന് വീട്ടുകാര്‍ എതിർത്തതോടെ രാത്രി ഒരു ഇന്നോവ കാറിൽ ഇരുവരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അന്ന് ധർമ്മജനൊപ്പം ഇറങ്ങിപ്പോന്നത് എന്ത് ധൈര്യത്തിലാണ് എന്ന് ചോദിച്ചപ്പോള്‍, എനിക്കറിയില്ല എന്നായിരുന്നു അനൂജയുടെ മറുപടി.

‘ഭയങ്കര ടെന്‍ഷനായിരുന്നു, കാറിലിരുന്ന് വിറക്കുകയായിരുന്നു ഇവൾ. നാല് ചുവരുകള്‍ക്കുള്ളില്‍ അടങ്ങിക്കൂടി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയായിരുന്നു അനൂജ. ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ ജീവിതം വളരെ സന്തോഷത്തിലാണ്. പിന്നീട് വീട്ടുകാരും ബന്ധം അംഗീകരിച്ചു. എന്റെ പേരും പ്രശസ്തിയും കണ്ടിട്ട് കൂടെ പോന്നതല്ല. എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രം വന്നതാണവൾ.’

ധര്‍മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ചിരി വേഷങ്ങളിലെത്തി. ‘പാപ്പി അപ്പച്ച’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ്റെ അരങ്ങേറ്റം. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങി ഒട്ടേറെ സിനിമകളിൽ കോമഡിവേഷങ്ങളില്‍ തിളങ്ങിയ ധര്‍മജൻ ഇന്നും ചലച്ചിത്ര രംഗത്ത് സജീവമാണ്. ധര്‍മജൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ദിലീപ് നായകനായ പവി കെയര്‍ടേക്കറാണ്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ധർമ്മജന്‍. സിനിമയിലൊക്കെ വരുന്നതിന് മുമ്പ് തന്നെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ധർമ്മജന്‍ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയില്‍വാസം വരെ അനുഭവിച്ചിട്ടുണ്ട്.

2 പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും. നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: