KeralaNEWS

സില്‍വര്‍ ലൈനിന് വീണ്ടും സര്‍ക്കാര്‍; എതിര്‍ത്ത് റെയില്‍വെ

തിരുവനന്തപുരം: കേരളത്തിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ വന്ദേഭാരത് പര്യാപ്തമല്ലെന്ന് കാട്ടി, തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈനിനായി സംസ്ഥാനം കേന്ദ്രത്തില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രധാനമന്ത്രിയെയടക്കം കണ്ട് അനുമതി നേടിയെടുക്കാന്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ ചുമതലപ്പെടുത്തി.

പദ്ധതിയെ ദക്ഷിണറെയില്‍വേ ശക്തമായി എതിര്‍ക്കുകയാണ്. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സര്‍വീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സില്‍വര്‍ലൈനിന് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് കേന്ദ്രത്തെ ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും നിലപാടെടുത്തു.

Signature-ad

സില്‍വര്‍ലൈനിന്റെ കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ സ്റ്റേഷനുകള്‍ പൂര്‍ണമായി റെയില്‍വേ ഭൂമിയിലാണ്. റെയില്‍ ലാന്‍ഡ് ഡവലപ്‌മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്‌റ്രേഷനുകളാണിവ. മിക്കയിടത്തും നിലവിലെ ലൈനുകളുമായി നിര്‍ബന്ധമായി പാലിക്കേണ്ട 8 മീറ്റര്‍ അകലം സില്‍വര്‍ലൈനിനില്ല. അതിനാല്‍ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാണ്. ദേശീയപാത ആറുവരിയാക്കാന്‍ വിട്ടുകൊടുത്ത സ്ഥലം പോലും സില്‍വര്‍ലൈനിനായി ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരം, അങ്കമാലി, ആലുവ എന്നിവിടങ്ങളിലാണ് നിലവിലെ ട്രാക്കുകളുടെ തൊട്ടടുത്തു കൂടി സില്‍വര്‍ലൈനിന്റെ നിര്‍ദ്ദിഷ്ട പാത. കഴക്കൂട്ടത്ത് റെയില്‍വേഭൂമി നല്‍കിയാല്‍ ശേഷിക്കുന്ന സ്ഥലം ഉപയോഗശൂന്യമാവും. 17ഇടത്ത് റെയില്‍വേയുടെ സുരക്ഷാസോണുകളിലൂടെയാണ് പാത. തൃശൂര്‍ സ്റ്റേഷനില്‍ സില്‍വര്‍ലൈന്‍ സ്റ്റേഷന് ഭൂമിനല്‍കിയാല്‍ രണ്ടായി വിഭജിക്കപ്പെടും.

അതേസമയം, നിലവിലെ റെയില്‍വേ സംവിധാനത്തെ ബാധിക്കാത്ത തരത്തില്‍ 10 മീറ്റര്‍വരെ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കൂടുതല്‍ മേല്‍പ്പാലങ്ങളും ഭൂഗര്‍ഭപാതയുമാകാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. വിട്ടുനല്‍കുന്ന ഭൂമിക്ക് പകരം ഭൂമിയേറ്റെടുത്ത് കൈമാറാം. എന്നാല്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ഇതിനെ എതിര്‍ക്കുകയാണ്. 9ജില്ലകളിലെ 108ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2020സെപ്തംബര്‍ ഒമ്പതിനാണ് ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. പദ്ധതിക്ക് അനുമതി നല്‍കുന്നത് സാമ്പത്തികസാങ്കേതിക സാധ്യതകള്‍ പരിഗണിച്ചായിരിക്കുമെന്നാണ് കേന്ദ്രനിലപാട്. ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലും നിയോഗിച്ചിരുന്ന 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകള്‍ പൂട്ടിയും പദ്ധതി താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: