പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍. ഔദ്യോഗിക ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്ക്കുന്ന ചെറുപ്പക്കാരനായ നേതാവു തന്നെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കിയാണ് വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം.
കേരളത്തില്‍ ആവശ്യത്തിനുള്ള പ്ലസ് വണ്‍ സീറ്റില്ല എന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ അംഗീകരിക്കണം. മറ്റ് ധൂര്‍ത്തുകള്‍ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനം നല്കാന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള ശ്രമം ഭയം കാരണമാണ്. കൂടുതല്‍ പേര് പ്രതികള്‍ ആകുമോയെന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.