ഇന്ത്യന്‍ റിഫൈനറിയിലെ തീപിടിത്തത്തില്‍ ഭീകരവാദ ബന്ധം? ഇറാഖിലെ എണ്ണക്കമ്പനിയിലെ സ്‌ഫോടനം ഒടുവിലത്തേത്; യുദ്ധം ആരംഭിച്ചശേഷം ആറിലേറെ രാജ്യങ്ങളില്‍ തീപിടിത്ത പരമ്പര; സോഷ്യല്‍ മീഡിയയിലെ ആ മുന്നറിയിപ്പ് നല്‍കുന്ന സൂചനയെന്ത്? അന്വേഷണം തുടങ്ങി
'ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ സുരക്ഷാ കാര്യത്തിലും ഉള്ളില്‍ നിന്നുള്ള അട്ടിമറികള്‍ തടയുന്നതിലും കൂടുതല്‍ ശ്രദ്ധിക്കണം'- എന്ന് അരവിന്ദ് എന്ന എക്‌സ് അക്കൗണ്ട് രാജസ്ഥാന്‍ തീപിടിത്തത്തിന് നാല് ദിവസം മുമ്പ് കുറിച്ചിരുന്നു.

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ലോകമെമ്പാടും ഊര്‍ജ പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ റിഫൈനറികളിലെ പൊട്ടിത്തെറികളില്‍ സംശയം ഉന്നയിച്ച് അന്വേഷണ ഏജന്‍സികള്‍. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളിലെ റിഫൈനറികളിലാണ് 50 ദിവസത്തിനിടെ തീപിടിത്തങ്ങളുണ്ടായത്. ഇന്ത്യയുടെ പ്രധാന ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെ ഒരു സംഘം ബുധനാഴ്ച രാജസ്ഥാനിലെ പച്പദ്രയിലുള്ള എച്ച്പിസിഎല്‍ റിഫൈനറിയിലെത്തി. ഉദ്ഘാടനത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഏപ്രില്‍ 20-നാണ് ഈ റിഫൈനറിയില്‍ വലിയ തീപിടിത്തമുണ്ടായത്.
ഇറാഖില്‍ നിന്നാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാജ്യത്തെ കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലെ ഒരു റിഫൈനറിയില്‍ സ്‌ഫോടനം നടന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമല്ല. എങ്കിലും വിവിധ രാജ്യങ്ങളിലെ റിഫൈനറികളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ദുരൂഹമായ തീപിടിത്തങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പട്ടികയിലേക്ക് ഇതും ചേര്‍ക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള ഊര്‍ജ്ജ നിലയങ്ങളില്‍ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നതിലെ സമാനതകളെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഇറാനെതിരേ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ആരംഭിച്ചതുമുതല്‍ അമേരിക്ക, ഓസ്ട്രേലിയ, മെക്സിക്കോ, ഇക്വഡോര്‍, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളിലെ റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള എണ്ണ നിലയങ്ങളില്‍ സ്‌ഫോടനങ്ങളും തീപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ 20-ന് റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ ഒരു താപനിലയത്തിലും തീപിടിച്ചു. ഈ രാജ്യങ്ങളെല്ലാം യുദ്ധമേഖലയ്ക്ക് പുറത്തുള്ളവയാണ്. ഇറാഖിലെ എണ്ണ നിലയങ്ങള്‍ പോലും മറ്റു ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചപ്പോള്‍ ലക്ഷ്യമിട്ടിരുന്നില്ല.
രാജസ്ഥാനിലെ പച്പദ്രയിലുള്ള എച്ച്പിസിഎല്‍ റിഫൈനറിയിലെ വന്‍ തീപിടിത്തം ആരംഭിച്ചത് തിങ്കളാഴ്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ഉദ്ഘാടനം ചെയ്യാനിരുന്നതിന് തലേദിവസം.
ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ സര്‍ക്യൂട്ടിലെ വാല്‍വുകളില്‍ ഒന്നിലുണ്ടായ ഹൈഡ്രോകാര്‍ബണ്‍ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതായി എച്ച്പിസിഎല്‍ അറിയിച്ചു. റിഫൈനറി ‘ഘടനപരമായി സുരക്ഷിതമാണെന്ന്’ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ഇത് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് വ്യക്തമല്ല.
ജയ്പൂരില്‍ നിന്നുള്ള എന്‍ഐഎ സംഘം റിഫൈനറി സൈറ്റിലെത്തി പ്രാഥമിക പരിശോധന ആരംഭിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, സൈബര്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം തീപിടുത്തം ഉണ്ടായ ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ് (സിഡിയു) പരിശോധിച്ചു വരികയാണ്.
എന്‍ഐഎ സംഘത്തോടൊപ്പം രാജസ്ഥാന്‍ ആന്റി ടെററിസം സ്‌ക്വാഡും (എടിഎസ്) സ്ഥലം സന്ദര്‍ശിക്കുകയും റിഫൈനറി മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദമോ അന്യശക്തികളുടെ അട്ടിമറിയോ സംശയിക്കുന്ന കേസുകളിലാണ് എന്‍ഐഎ അന്വേഷണം നടത്താറുള്ളത്.
രാജസ്ഥാന്‍ റിഫൈനറിയിലെ തീപിടിത്തത്തിന് മുമ്പ്, ഏപ്രില്‍ 4-ന് മുംബൈ തീരത്തുള്ള ഒഎന്‍ജിസിയുടെ എണ്ണപ്പാടത്തും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ ഹൈയിലെ ഒഎന്‍ജിസിയുടെ എസ്എച്ച്പി പ്ലാറ്റ്ഫോമിലുണ്ടായ തീപിടുത്തത്തില്‍ പത്ത് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി അണച്ചു. തീപിടുത്തത്തിന്റെ കാരണം ഒഎന്‍ജിസി വെളിപ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് ഒന്നിന് തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് റിഫൈനറികളിലെ തീപിടിത്ത പരമ്പര ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലുതായ പെട്രോ ഇക്വഡോറിന്റെ എസ്‌മെരാള്‍ഡാസ് റിഫൈനറിയിലെ ചാര്‍ജ് പമ്പുകളില്‍ തീപിടുത്തമുണ്ടായതിനെ ത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രതിദിനം 1,10,000 ബാരല്‍ സംസ്‌കരണ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
മാര്‍ച്ച് 17-ന് മെക്സിക്കോയിലെ ഒരു റിഫൈനറിക്ക് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ ഏറ്റവും വലിയ റിഫൈനിംഗ് സമുച്ചയത്തിന്റെ ഭാഗമായ ഒല്‍മേക ഓയില്‍ റിഫൈനറിയിലാണ് ഈ ദുരന്തം ഉണ്ടായത്. 2024-ലാണ് ഈ റിഫൈനറി പ്രവര്‍ത്തനം ആരംഭിച്ചത്.
മാര്‍ച്ച് 23-ന് ടെക്‌സസിലെ വലേറോ പോര്‍ട്ട് ആര്‍തര്‍ എനര്‍ജി റിഫൈനറിയില്‍ ഡീസല്‍ ഹൈഡ്രോട്രീറ്ററിന് തീപിടിച്ചതിനെത്തുടര്‍ന്ന് സ്‌ഫോടനമുണ്ടായി. ഇറാന്റെ പങ്കിനെക്കുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.
ഏപ്രില്‍ 10ന് ടെക്‌സസിലെ മാരത്തണിന്റെ എല്‍ പാസോ റിഫൈനറിയില്‍ ‘സാങ്കേതിക പ്രശ്നങ്ങള്‍’ കാരണം മറ്റൊരു വലിയ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായി കമ്പനി അറിയിച്ചു.
ഏപ്രില്‍ 16-ന് ഓസ്ട്രേലിയയിലെ ഗീലോംഗിലുള്ള വിവാ എനര്‍ജിയുടെ കോറിയോ റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ധന സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യത്തെ രണ്ട് വലിയ റിഫൈനറികളിലൊന്നാണ് ഇത്. വിക്ടോറിയയിലെ 50% ഇന്ധനവും ഓസ്ട്രേലിയയുടെ ആകെ ഇന്ധനത്തിന്റെ 10 ശതമാനവും വിതരണം ചെയ്യുന്ന ഈ റിഫൈനറി ഇപ്പോഴും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല.
ഏറ്റവും പുതിയ സംഭവം ഏപ്രില്‍ 20ന് രാജസ്ഥാനിലെ എച്ച്പിസിഎല്‍ റിഫൈനറിയിലാണ് ഉണ്ടായത്. അതും നിശ്ചയിച്ചിരുന്ന ഉദ്ഘാടനത്തിന് കൃത്യം ഒരു ദിവസം മുമ്പ്. ഡസന്‍ കണക്കിന് ഫയര്‍ ടെന്‍ഡറുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്.
‘ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ സുരക്ഷാ കാര്യത്തിലും ഉള്ളില്‍ നിന്നുള്ള അട്ടിമറികള്‍ തടയുന്നതിലും കൂടുതല്‍ ശ്രദ്ധിക്കണം’- എന്ന് അരവിന്ദ് എന്ന എക്‌സ് അക്കൗണ്ട് രാജസ്ഥാന്‍ തീപിടിത്തത്തിന് നാല് ദിവസം മുമ്പ് കുറിച്ചിരുന്നു. രാജ്യത്തെ ഏതെങ്കിലും ഓയില്‍ റിഫൈനറി ശത്രുക്കള്‍ കത്തിക്കാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് ‘ഒരു തോന്നല്‍’ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഭൗമരാഷ്ട്രീയ കാരണങ്ങളാല്‍ എണ്ണവില വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതിനും ശത്രുക്കള്‍ക്ക് റിഫൈനറി കത്തിക്കാന്‍ കഴിയും’- അരവിന്ദ് എഴുതി.
തുടര്‍ച്ചയായുണ്ടാകുന്ന ഈ തീപിടിത്തങ്ങള്‍ക്ക് ശേഷം, ഇത് യാദൃശ്ചികമല്ലെന്നും എണ്ണ വിതരണം തടസപ്പെടുത്താനുള്ള ഒരു നീക്കമാണെന്നും വടക്കേ അമേരിക്ക ആസ്ഥാനമായുള്ള ഒരു എക്‌സ് അക്കൗണ്ട് അവകാശപ്പെട്ടു. ബുധനാഴ്ച ഇറാഖിലെ ഇര്‍ബിലിലെ റിഫൈനറിയിലുണ്ടായ തീപിടിത്തമാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം.
ലോകമെമ്പാടുമുള്ള എണ്ണ ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ ഇത്രയധികം തീപിടിത്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് വെറും യാദൃശ്ചികതയാകാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനില്‍ ഇന്ത്യ നടത്തുന്നതുപോലുള്ള ആഴത്തിലുള്ള അന്വേഷണങ്ങള്‍ മാത്രമേ ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയുള്ളൂ.
#RefineryFire, #OilCrisis, #NIAInvestigation, #GlobalEnergy, #BreakingNews, #EnergySecurity, #PachpadraRefinery, #SecurityAlert, #SabotageSuspicion, #InternationalNewsMalayalam #OilRefinery, #MiddleEastConflict, #EnergyInfrastructure, #TerrorAngle, #IntelligenceAgency, #WorldEconomy, #HPCL, #RajasthanNews, #Geopolitics, #OilSupplyChain#DailyhuntMalayalam, #NewsUpdates, #TrendingMalayalam, #IndianDefense, #GlobalConflict, #TerrorismProbe, #PetroleumNews, #SafetyFirst, #MysteryFires, #ViralNews






