IndiaNEWS

റദ്ദാക്കിയത് ഒമ്പത് ലക്ഷം പേര്‍ എഴുതിയ പരീക്ഷ; നീറ്റിന് പിന്നാലെ നെറ്റിലും ക്രമക്കേട്, ചോദ്യമുനയില്‍ എന്‍.ടി.എ

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശ്വാസ്യത ചോദ്യചിഹ്നമാവുകയാണ്. ബുധനാഴ്ച രത്രിയാണ് നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. പരീക്ഷ നടത്തി 24 മണിക്കൂറിനകമാണ് റദ്ദാക്കിയ ഉത്തരവും വരുന്നത്. 317 നഗരങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയിരുന്നു. സര്‍വകലാശാലകളിലും കോളജുകളിലും ജോലി ലഭിക്കാനും പിഎച്ച്.ഡിന പ്രവേശനം നേടാനും നാഷനല്‍ എലിജിബിലിറ്റ് ടെസ്റ്റ (നെറ്റ്) പ്രധാനമാണ്.

പരീക്ഷയുടെ സമഗ്രതയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നിയമം നടപ്പാക്കിയശേഷം ആദ്യമായി റദ്ദാക്കുന്ന കേന്ദ്രതല പൊതുപരീക്ഷ കൂടിയാണിത്. പരീക്ഷ സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്നും വ്യക്താമക്കിയിട്ടുണ്ട്.

Signature-ad

2024 ഫെബ്രുവരി 2024നാണ് ചോദ്യപേപ്പര്‍ തടയാനായി ‘പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) നിയമം’ പാര്‍ലമെന്റ് പാസാക്കിയത്. നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

നെറ്റ് റദ്ദാക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി പരീക്ഷ നടത്തിയ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അധികൃതരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്‍.ടി.എ യു.ജി.സി നെറ്റ് പരീക്ഷ വിജയകരാമയി പൂര്‍ത്തിയാക്കിയതായി യു.ജി.സി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ ചൊവ്വാഴ്ച വൈകീട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ തന്നെ റദ്ദാക്കിയുള്ള ഉത്തരവും വരുന്നത്.

നേരത്തേ യു.ജി.സിയാണ് നെറ്റ് പരീക്ഷ നടത്തിയിരുന്നത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി രൂപീകരിച്ച് വിവിധ പരീക്ഷകളുടെ ചുമതല അവരെ ഏല്‍പ്പിച്ചു. ?രാജ്യവ്യാപകമായി എം.ബി.ബി.എസ് സീറ്റിലേക്കുള്ള നീറ്റ് പരീക്ഷയും എന്‍.ടി.എയാണ് നടത്തുന്നത്. ഇത്തവണത്തെ നീറ്റ് പരീക്ഷക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരരംഗത്തുണ്ട്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് നെറ്റ് പരീക്ഷയും റദ്ദാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററിന്റെ നാഷനല്‍ സൈബര്‍ക്രൈം ത്രെറ്റ് അനലറ്റിക്‌സ് യൂനിറ്റാണ് നെറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. എന്നാല്‍, എങ്ങനെയാണ് പരീക്ഷയുടെ സമഗ്രതക്ക് കോട്ടം സംഭവിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നില്ല. ചില പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

9,08,580 പേരുടെയും പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കുമുള്ള ഒന്നാം പേപ്പറുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതെന്നും സൂചനയുണ്ട്. യു.ജി.സി നെറ്റ് പരീക്ഷക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഒന്നാമത്തെ പേപ്പര്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. രണ്ടാമത്തേത് വിഷയാധിഷ്ഠിതമാണ്. 83 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷയുള്ളത്. ജൂണ്‍, ഡിസംബര്‍ എന്നിങ്ങനെ രണ്ട് തവണയാണ് എല്ലാ വര്‍ഷവും നെറ്റ് പരീക്ഷ നടത്താറ്.

പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനേറ്റ പരാജയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘നരേന്ദ്ര മോദിജി, നിങ്ങള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ച ചെയ്യുന്നു. എപ്പോഴാണ് നിങ്ങള്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുക? നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ബിഹാര്‍, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രിക്ക് മാറ്റി പറയേണ്ടി വന്നുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ബി.ജെ.പി സര്‍ക്കാറിന്റെ അലംഭാവവും അഴിമതിയും വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നീറ്റ് പരീക്ഷാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: