CrimeNEWS

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളി, പിന്നീട് വെടിവച്ചു കൊന്നു; മൂന്നു വര്‍ഷത്തിനു ശേഷം ഭാര്യ പിടിയില്‍

ചണ്ഡീഗഡ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി ചേര്‍ന്ന് പദ്ധതിയിടുക, അത് പാളിയപ്പോള്‍ പിന്നീട് വെടിവച്ചു കൊലപ്പെടുത്തുക…2021ല്‍ ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന കൊലപാതകക്കേസില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായിരിക്കുകയാണ്.

പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാദ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിധിയും കാമുകന്‍ സുമിതും അറസ്റ്റിലായത്. സുമിതുമായി അടുപ്പത്തിലായിരുന്ന നിധി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടിരുന്നു. 2021 ഒക്ടോബര്‍ 5ന് വാഹനാപകടത്തിലൂടെ വിനോദിനെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്. അന്ന് പഞ്ചാബ് രജിസ്‌ട്രേഷിനുള്ള ഒരു വാഹനം വിനോദിനെ ഇടിച്ചുതെറിപ്പിക്കുകയാണ് ഉണ്ടായത്. മരണത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും വിനോദിന്റെ രണ്ടു കാലുകളും അപകടത്തില്‍ ഒടിഞ്ഞിരുന്നു. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 15ന് പാനിപ്പത്തിലെ സ്വവസതിയില്‍ വച്ച് വിനോദ് വെടിയേറ്റു മരിക്കുകയായിരുന്നു.

Signature-ad

അപകടത്തിനു പിന്നാലെ വിനോദിന്റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ദേവ് സുനാറിനെ അറസ്റ്റ് ചെയ്തു. പതിനഞ്ച് ദിവസത്തിന് ശേഷം, ബതിന്ഡ നിവാസിയായ ദേവ് സുനാര്‍ ഒത്തുതീര്‍പ്പിനായി വിനോദിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് ദേവ് സുനാര്‍ വിനോദിനെ ഭീഷണിപ്പെടുത്തി. 2021 ഡിസംബര്‍ 15 ന് ദേവ് സുനാര്‍ ഒരു പിസ്റ്റളുമായി വിനോദിന്റെ വീട്ടില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടി വിനോദിന്റെ അരയിലും തലയിലും വെടിവയ്ക്കുകയായിരുന്നു. ദേവ് സുനാര്‍ പാനിപ്പത്ത് ജയിലില്‍ തടവിലായിരുന്നുവെന്നും കേസ് കോടതിയില്‍ വിചാരണയിലാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അടുത്തിടെ ഓസ്ട്രേലിയയില്‍ താമസിക്കുന്ന വിനോദിന്റെ സഹോദരന്‍ കേസിലെ മറ്റ് കൂട്ടാളികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് വാട്സ്ആപ്പ് വഴി സന്ദേശം അയച്ചിരുന്നു.ഉദ്യോഗസ്ഥര്‍ വിഷയം ഗൗരവമായി എടുക്കുകയും പുനരന്വേഷണത്തിന് ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. കേസ് ഫയല്‍ പുനഃപരിശോധിച്ച സംഘം അന്വേഷണം പുനരാരംഭിക്കാന്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങി.സുമിത,് ദേവ് സുനാറുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ജൂണ്‍ 7 ന് പൊലീസ് സുമിത്തിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലില്‍ വിനോദിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഫിറ്റ്‌നസ് ട്രെയിനറായ സുമിത്ത് 2021ല്‍ ജിമ്മില്‍ വച്ചാണ് നിധിയെ പരിചയപ്പെടുന്നത്. അധികം വൈകാതെ ഇവര്‍ സുഹൃത്തുക്കളായി. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വിനോദ് എതിര്‍ത്തെങ്കിലും നിധി വഴങ്ങിയില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിനോദിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ ദേവ് സുനാറിന് സുമിത്ത് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ലോഡിംഗ് പിക്കപ്പ് ട്രക്കിടിച്ച് വിനോദ് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അപകടത്തില്‍ നിന്നും വിനോദ് രക്ഷപ്പെട്ടു. പിന്നീടാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ദേവ് സുനാറിനെ ജാമ്യത്തിലിറക്കിയാണ് കൃത്യം നടത്തിയത്. പിന്നീട് കേസ് നടത്താനും ദേവ് സുനാറിന്റെ കുടുംബ ചെലവുകള്‍ക്കുമായി പണം നല്‍കിയിരുന്നത് സുമിതായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ നിധിയെയും സുമിതിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Back to top button
error: