കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍, സി.എം.ആര്‍.എല്‍. അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാസപ്പടി വിവാദത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണവും നടക്കുന്നുണ്ട്.