ന്യൂഡല്‍ഹി: രണ്ടുമണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ മത്സരത്തിനിറങ്ങുന്ന പ്രിയങ്കാഗാന്ധിക്ക് എതിരെ എല്‍.ഡി.എഫിലും എന്‍.ഡി.എയിലും ആര് മത്സരിക്കുമെന്ന് ആകാംക്ഷ. എല്‍.ഡി.എഫില്‍ സി.പി.ഐക്ക് മാറ്റിവെച്ച സീറ്റില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയ നേതാവ് ആനി രാജയായിരുന്നു മത്സരിച്ചത്. സ്ഥിരമായി സി.പി.ഐ. മത്സരിക്കുന്ന സീറ്റാണിത്. 2019-ല്‍ ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റില്‍ ഇത്തവണ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ പ്രിയങ്കക്കെതിരേയും മത്സരിക്കുമോയെന്ന ചോദ്യത്തോട്, തീരുമാനം പാര്‍ട്ടിയുടേതാണെന്നായിരുന്നു ആനി രാജയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച സീറ്റ് ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്കാഗാന്ധിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് ആനി രാജ പറഞ്ഞു. നിരന്തരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്നും പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തോട് അവര്‍ പ്രതികരിച്ചു.
വീണ്ടും സ്ഥാനാര്‍ഥിയാവുമോയെന്ന ചോദ്യത്തിന് ആനി രാജയുടെ മറുപടി ഇങ്ങനെ: പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത്. കഴിഞ്ഞ തവണ മത്സരിച്ചത് തന്റെ തീരുമാനല്ല, പാര്‍ട്ടിയുടേതാണ്. സി.പി.ഐയുടെ തീരുമാനം ഇടതുമുന്നണി അംഗീകരിച്ചാണ് താനവിടെ സ്ഥാനാര്‍ഥിയാവുന്നത്. രാജ്യത്തെ വര്‍ഗീയ ഫാസിസം ദുര്‍ബലമായിട്ടില്ല. ഇന്നും ശക്തമായി നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അങ്ങനെയൊരു യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
കുടുംബവാഴ്ചയെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ല. അവര്‍ ഇതുതന്നെയാണ് പറയുക. എന്നാല്‍, ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോള്‍ കെ.സി. വേണുഗോപാല്‍ തന്റെ പേരെടുത്ത് പറഞ്ഞ്, കുടുംബത്തെ പരാമര്‍ശിച്ച്, ബി.ജെ.പിക്ക് മറുപടി നല്‍കാതെ അവിടെ മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥിയെ പരാമര്‍ശിച്ചാണ് പ്രതികരിച്ചത്. 45 വര്‍ഷത്തോളം രാഷ്ട്രീയപ്രവര്‍ത്തനംനടത്തി വന്നയാളെ ആരുടേയെങ്കിലും ജീവിതപങ്കാളിയാണെന്ന് മാത്രമാക്കി ചുരുക്കി, സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ ദേശീയനേതാവ് രാജ്യത്ത് ഒരുദുരന്തമായി മാറുന്നു. പലര്‍ക്കും സ്ത്രീകളോട് ഇത്തരം മനോഭാവമാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവര്‍ വ്യക്തമാക്കി. ‘എന്റെ പ്രവര്‍ത്തനമേഖല കേരളമല്ല. അതിനാല്‍ കേരളത്തിലെ തിരിച്ചടിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം അത് പരിശോധിക്കും. എന്റെപരാജയത്തെക്കുറിച്ചുപോലും വിശകലനം ചെയ്തിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ’, അവര്‍ പറഞ്ഞു.