CrimeNEWS

കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘അമ്മയുടെ ചികിത്സയ്ക്ക് അവധി കിട്ടിയില്ല, മാനസികസമ്മര്‍ദ്ദം’

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ മടങ്ങിയെത്തി. മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഗ്രേഡ് എസ്ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവേയാണ് ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനില്‍ തിരിച്ചെത്തിയത്.

കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിലും ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.

Signature-ad

തൃശൂരിലും എറണാകുളത്തും കോട്ടയത്തുമായി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ജീവനൊടുക്കിയത് 3 പൊലീസ് ഉദ്യോഗസ്ഥരാണ്. 2023 ഒക്ടോബറില്‍ മാത്രം 6 പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പ്രതിവര്‍ഷം ശരാശരി 36 പൊലീസുകാരെങ്കിലും കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്.

അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം. പക്ഷേ ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികള്‍ ഒന്നുമില്ല. 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു എങ്കിലും ഇന്നോളം നടപ്പിലായിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനഃശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: