ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിലേക്ക് ഓടിയടുക്കുന്ന കൊച്ചി മെട്രോ റെയിലിന് ഇന്ന് (തിങ്കൾ) ഏഴാം പിറന്നാൾ. ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തിൽ അവിശ്വസനീയമായ കുതിപ്പുനടത്തുന്ന മെട്രോയിൽ ഈ മാസം യാത്ര ചെയ്‌തവരുടെ ദിവസശരാശരി 90,000നുമുകളിലാണ്. മാസത്തിലെ ആദ്യവാരത്തിൽ ലക്ഷത്തോടടുത്ത് യാത്രികരുണ്ടായിരുന്നു. സ്ഥിരം യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതവർധന ഉണ്ടാകുന്നതിനാൽ വരും മാസങ്ങളിൽത്തന്നെ ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ടുവരെ മെട്രോ സർവീസ് ആരംഭിച്ചത് 2017 ജൂൺ 17നാണ്. ഇപ്പോൾ ആലുവ മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്‌റ്റേഷൻ ടെർമിനൽവരെ 28.4 കിലോമീറ്റർ പാതയും 25 സ്‌റ്റേഷനുകളുമുണ്ട്.
ഏഴാംപിറന്നാൾ ആഘോഷത്തോടൊപ്പംതന്നെ കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമാണകരാർ നൽകാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വോട്ട് ചെയ്‌തിട്ടുള്ളത്. നിർമാണകരാർ കൈമാറിയാൽ അടുത്ത മാസം ടെസ്റ്റ് പൈലുകളുടെ കുഴിക്കൽ ആരംഭിക്കും. ബീജിങ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ് ബാങ്കിൽനിന്ന് വായ്‌പയ്‌ക്കുള്ള നടപടികളും പൂർത്തിയായി. നിർമാണം തുടങ്ങിയാൽ 18 മാസത്തിനുള്ളിൽ 11.2 കിലോമീറ്റർ പിങ്ക് പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് പാതയിലെ 11 സ്‌റ്റേഷനുകളിൽ സ്‌റ്റേഡിയം ഒഴികെ പത്തെണ്ണമാണ് നിർമിക്കേണ്ടത്. ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.
കാക്കനാട്, സെസ് സ്‌റ്റേഷൻ കവാടങ്ങളുടെ നിർമാണം നടക്കുന്നു. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് സ്‌റ്റേഷനുകളുടെ കവാടനിർമാണ കരാറുകൾ നൽകി. പാലാരിവട്ടം മുതൽ കാക്കനാടുവരെ സിവിൽലൈൻ റോഡിന്റെ വീതികൂട്ടൽ അവസാനഘട്ടത്തിലാണ്. സിവിൽ സ്‌റ്റേഷൻമുതൽ ചിറ്റേത്തുകരവരെ സീപോർട്ട്- എയർപോർട്ട് റോഡ് നാലുവരിയാക്കുന്ന ജോലികളും പൂർത്തീകരണത്തിലെത്തി. 1957.05 കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ജലമെട്രോ സൂപ്പർ ഹിറ്റ് : 20 ലക്ഷവും പിന്നിട്ടു
20ലക്ഷം യാത്രികരുമായി ഒന്നാംപിറന്നാൾ ആഘോഷിച്ച ജലമെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കൊച്ചി കപ്പൽശാലയിൽനിന്ന് കൂടുതൽ ബോട്ടുകൾ നിർമിച്ച് കൈമാറുന്നമുറയ്‌ക്ക് കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളിലേക്കും ബോട്ടുകളെത്തും. എല്ലായിടത്തും ടെർമിനലുകൾ നിർമാണഘട്ടത്തിലാണ്. ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ടു റൂട്ടും തൊട്ടുമുമ്പ് ആരംഭിച്ചിരുന്നു. 14 ബോട്ടുകളാണ് സർവീസിനുള്ളത്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലമെട്രോയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കിവരുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ ജലപാതയിൽ പത്തു ദ്വീപുകളിലെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകൾ ഉണ്ടാകും ജലമെട്രോയിൽ.