ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് സംഭവം. അഞ്ച് ലക്ഷം രൂപ മെഹര്‍ വാങ്ങിയാണ് പിതാവ് മകളെ വിവാഹം ചെയ്തുനല്കാന് ശ്രമിച്ചത്. ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തു. പാകിസ്താനിലെ ബാലവിവാഹ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹത്തിനെതിരെ ശക്തമായ നിയമം പാകിസ്താനില്‍ ഉണ്ടെങ്കിലും രാജ്യത്ത് പലയിടത്തും ഇത് നടക്കുന്നുണ്ട്.
അടുത്തിടെ പാകിസ്താനിലെ രജന്‍പുരിലും തട്ടയിലും നടന്ന ബാലവിവാഹശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. സ്വാതില്‍ 13-കാരിയെ വിവാഹം ചെയ്ത 70-കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.