KeralaNEWS

”സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യന്‍ വോട്ട്; സത്യം പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാര്‍”

കോട്ടയം: സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം തുടരുകയാണെന്നും മതേതര മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.

കേരളത്തില്‍ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫ് രണ്ട് മുസ്ലിംകളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത പാതകമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Signature-ad

”ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല. എറണാകുളത്ത് കെ.ജെ. ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ മാത്രമാണ് മതേതരരാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കം മുതല്‍ അവര്‍ക്കൊപ്പം നിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ വീണ്ടും കണ്ടെത്തിയത് മുസ്ലിം നേതാക്കളെ.

ചില മുസ്ലിം നേതാക്കള്‍ എനിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടയ്ക്കണമെന്നും പ്രസ്താവന നടത്തിയത് ഖേദകരമാണ്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ വരെ കടുത്തവാക്കുകളുപയോഗിച്ച് പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ ചിന്തിക്കണം. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും സഹിക്കാനാകാതെ വന്നപ്പോള്‍ ക്രിസ്ത്യാനികള്‍ ബിജെപിയെ രക്ഷകരായി കണ്ടു. തെറ്റു തിരുത്താതെയാണ് മുന്നണികള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നാളെ ഹൈന്ദവരും, പ്രത്യേകിച്ച് പിന്നാക്ക, പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും.

കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടത്തേണ്ടതുണ്ട്. ഇതിന് എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും വെല്ലുവിളിക്കുന്നു.” -വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: