മലയാളികളില്‍ നല്ലൊരു വിഭാഗവും സ്ഥിരമായി കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥത്തില്‍ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് അകറ്റി തണുപ്പിക്കുകയെന്നതാണ് തൈര് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.എന്നാല്‍ മഴക്കാലത്ത് തൈര് കഴിച്ചാല്‍ എന്തെങ്കിലു കുഴപ്പമുണ്ടാകുമോ എന്ന സംശയവും നിരവധിപേര്‍ക്കുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമായതിനാലാണ് മഴക്കാലത്ത് തൈര് കഴിക്കാമോയെന്ന സംശയം ഉണ്ടാകുന്നതിന് പിന്നില്‍.
ആയുര്‍വേദ വിധി പ്രകാരം ഉച്ചഭക്ഷണത്തിനോടൊപ്പം മാത്രമേ തൈര് കഴിക്കാന്‍ പാടുളളൂ. മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആയുര്‍വേദത്തില്‍ പറയുന്നു. പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുകാരണമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളുമാണ് മഴക്കാലത്ത് തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതലായും ഉണ്ടാകുന്നത്. ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
അതോടൊപ്പം തന്നെ തൊണ്ടവേദന, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം കൈകാലുകളുടെ സന്ധികളില്‍ വേദനയും ഉണ്ടാകുമെന്നും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഒരു കാരണവശാലും രാത്രി കാലങ്ങളില്‍ തൈര് കഴിക്കരുത്. ഇത് കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യത വളരെയധികം കൂടുതലാണ്.
മഴക്കാലത്ത് തൈര് കഴിക്കുന്നതിലൂടെ ജലദോഷം, മൂക്ക് പൊട്ടല്‍, നെഞ്ച് വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും സാദ്ധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. അതോടൊപ്പം തന്നെ ഒരിക്കലും തിളപ്പിച്ചോ ചൂടാക്കിയോ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് തൈര്. ചൂടാക്കുമ്പോള്‍ തൈരില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളുടെ നല്ല ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പറയപ്പെടുന്നത്.