CrimeNEWS

300 കോടിയുടെ സ്വത്ത് തട്ടാന്‍ അമ്മായിഅച്ഛനെ കാറിടിച്ച് കൊലപ്പെടുത്തി; ഒരു കോടിയുടെ ക്വട്ടേഷന്‍ മരുമകള്‍ വക, ഭര്‍ത്താവിന്റെ ഡ്രൈവറടക്കം നാലു പേര്‍ പിടിയില്‍

മുംബൈ: നാഗ്പൂരില്‍ 300 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ മരുമകള്‍ അറസ്റ്റില്‍. 82 കാരനായ പുരുഷോത്തം പുത്തേവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനാപകടമെന്ന് കരുതിയ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും ക്വട്ടേഷന്‍ നല്‍കിയത് മരുമകളാണെന്നും കണ്ടെത്തിയത്. സംഭവത്തില്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അര്‍ച്ചന മനീഷ് പുത്തേവാറിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍തൃപിതാവിനെ കൊല്ലാന്‍ ഒരുകോടി രൂപക്കാണ് പ്രതി അര്‍ച്ചന ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായി പഴയവാഹനം വാങ്ങാന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കിയത്. അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് കൊലപാതകത്തിലെ മറ്റ് പ്രതികള്‍. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കാറുകളും സ്വര്‍ണാഭരങ്ങളും മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Signature-ad

ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയാണ് വാടകകൊലയാളികള്‍ പുരുഷോത്തം പുത്തേവാര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ച് അപകടമുണ്ടാക്കിയത്.ഇദ്ദേഹത്തിന്റെ മകനും അര്‍ച്ചനയുടെ ഭര്‍ത്താവുമായ മനീഷ് ഡോക്ടറാണ്.

കൊലപാതക കേസിന്റെ അന്വേഷണത്തില്‍, പ്രതിയായ അര്‍ച്ചന ജോലി ചെയ്തിരുന്ന ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

 

Back to top button
error: