KeralaNEWS

കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ സാധ്യത, വിട്ടുവീഴ്ച വേണം; സിപിഐയോട് സിപിഎം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ സാധ്യതയുള്ളതിനാല്‍ വിട്ടുവീഴ്ച വേണമെന്ന് സിപിഐയോട് സിപിഎം. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ഇടതുമുന്നണി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ.മാണിയും ഒഴിയുന്നതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈ മാസം 1ഓടെ ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ജയിക്കാന്‍ കഴിയുക. ഇതില്‍ ഒരു സീറ്റ് സിപിഎമ്മിന്റേതായിരിക്കും. മറ്റൊരു സീറ്റിന് വേണ്ടി നാല് പാര്‍ട്ടികളാണ് രംഗത്തുള്ളത്- സിപിഐയും ആര്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും എന്‍സിപിയും. ഇതില്‍ എന്‍സിപി ഒഴികെ മറ്റ് മൂന്ന് പാര്‍ട്ടികള്‍ കടുത്ത നിലപാടിലാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉഭയകക്ഷി ചര്‍ച്ചയും.

Signature-ad

സിപിഐയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുന്നണിയുടെ കെട്ടുറപ്പിനായി വിട്ടുവീഴ്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ആവശ്യപ്പെട്ടെങ്കിലും യോജിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയാണ് തങ്ങളെന്നും 17എംഎല്‍എമാര്‍ തങ്ങള്‍ക്കുണ്ടെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം മുന്നണിയെ അറിയിച്ചു. സിപിഐയുമായി സിപിഎം വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ തങ്ങള്‍ക്ക് സീറ്റ് അനിവാര്യമാണെന്നറിയിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണിയും രംഗത്തെത്തി. തിങ്കളാഴ്ച മുന്നണിയെടുക്കുന്ന തീരുമാനത്തില്‍ ശുഭപ്രതീക്ഷയെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. മുന്നണി മാറ്റമെന്ന തരത്തില്‍ പ്രചരിക്കുന്നത് പൊളിറ്റിക്കല്‍ ഗോസിപ്പാണെന്നും ജയപരാജയങ്ങളല്ല മുന്നണി മാറ്റം തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

Back to top button
error: