NEWSWorld

മാസപ്പിറ കണ്ടു: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്, ഗൾഫ് രാജ്യങ്ങളില്‍  ജൂണ്‍ 16നും

      കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. അറഫ ദിനം ജൂൺ 16ന് ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങിയ ഇടങ്ങളിലും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്.

സൗദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റിലെ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.

Signature-ad

മാസപ്പിറവി ദൃശ്യമായത്തോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15 നും, ബലിപ്പെരുന്നാള്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16 നുമായിരിക്കും.

നേരത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ പ്രധാന നിരീക്ഷണ കേന്ദ്രമായ സുദൈറിലെ നിരീക്ഷണാലയത്തില്‍ മാസപ്പിറവി ദൃശ്യമായിരുന്നില്ല.

ത്യാഗത്തിന്റെയും കരുണയുടെയും സഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ അഥവാ ഈദുൽ അദ്ഹ ഹിജ്‌റ കലണ്ടർ അനുസരിച്ച് ദുൽഹജ്ജ് പത്താം ദിവസമാണ് കൊണ്ടാടുക.

പ്രവാചകൻ ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. സ്വപ്നത്തിൽ മകനെ ബലി നൽകാനുള്ള കൽപ്പന ലഭിച്ച ഇബ്രാഹിം നബി അനുസരണയോടെ അതിനു തയ്യാറായി. എന്നാൽ അല്ലാഹുവിന്റെ കരുണയാൽ അന്ത്യ നിമിഷം മകന് പകരം ആടിനെ ബലിയറക്കുകയായിരുന്നു.

പെരുന്നാൾ ദിവസം ഇസ്ലാം മത വിശ്വാസികൾ പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ബലി നടത്തുകയും ചെയ്യുന്നു. ബലി മാംസം ബന്ധുക്കൾക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. വീടുകളിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതും കുടുംബങ്ങൾ സംഗമിക്കുന്നതും  പെരുന്നാളിന്റെ പ്രത്യേകതയാണ്.

Back to top button
error: