KeralaNEWS

ഓരോ വ്യക്തിക്കും സ്വന്തം കടമകള്‍ നിര്‍വ്വഹിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യം, അതിലും വലിയ പ്രാര്‍ത്ഥനയും തപസ്സും ഇല്ല

വെളിച്ചം

       ഒരിക്കല്‍ ഒരു സന്ന്യാസി ആല്‍മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. ആ മരത്തിലിരുന്നു രണ്ടു പക്ഷികള്‍ കൊത്തു കൂടി. ഈ കോലാഹലം സന്ന്യാസിയുടെ നിദ്രക്ക് ഭംഗം വരുത്തി. ദേഷ്യത്തോടെ ആ സന്ന്യാസി പക്ഷികളെ നോക്കിയപ്പോള്‍ അവ ദഹിച്ചുപോയി.
സ്വന്തം ശക്തിയില്‍ സന്ന്യാസിക്ക് അത്ഭുതവും അഹങ്കാരവും തോന്നി. സന്ന്യാസി ഭിക്ഷാടനത്തിന് വീണ്ടും യാത്രയായി. ഒരു വീടിന്റെ മുമ്പിലെത്തി ഭിക്ഷയാചിച്ചു. അപ്പോള്‍ ആ വീട്ടമ്മ പറഞ്ഞു:

Signature-ad

“ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുയാണ്. അല്പം നേരം കാത്തുനില്‍ക്കൂ…”

സമയം കുറച്ച് കഴിഞ്ഞപ്പോള്‍ സന്ന്യാസിക്ക് ദേഷ്യം വന്നു. അയാള്‍ കോപത്തോടെ വീട്ടമ്മയുടെ അരികിലെത്തി. എന്നിട്ട് പറഞ്ഞു:

“ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ല…”

ഇതുകേട്ട് വീട്ടമ്മ പറഞ്ഞു: “താങ്കള്‍ യോഗ ശക്തികൊണ്ട് പക്ഷികളെ എരിച്ചുകളഞ്ഞ ആളായിരിക്കാം. പക്ഷേ, അത് എന്റെ അടുത്ത് എടുക്കേണ്ട…”

താന്‍ രഹസ്യത്തില്‍ ചെയ്ത കാര്യം എങ്ങിനെ ഇവര്‍ അറിഞ്ഞു. സന്ന്യാസിക്ക് അത്ഭുതമായി. അവര്‍ തുടര്‍ന്നു:

“എന്റെ കടമകള്‍ നിര്‍വ്വഹിക്കുക എന്നത് തന്നെയാണ് എന്റെ പ്രഥമ കര്‍ത്തവ്യം. ഞാന്‍ വലിയ സിദ്ധിയുള്ള ആളൊന്നുമല്ല, പക്ഷേ, ഫലേച്ഛകൂടാതെ എന്റെ കര്‍മ്മങ്ങള്‍ നിത്യവും ചെയ്യുന്നത് കൊണ്ട് എനിക്ക് നിങ്ങളുടെ മനസ്സ് വായിക്കാന്‍ ഉള്ള കഴിവ് കിട്ടി…”

സ്വന്തം ജീവിതധര്‍മ്മം നിര്‍വ്വഹിക്കുന്നതിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയോ തപസ്സോ ഇല്ല. ജീവിതസ്ഥിതിയും സാഹചര്യങ്ങളും ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉറച്ച് നിന്ന് സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കാന്‍ നമുക്കും സാധിക്കട്ടെ.
ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

 

Back to top button
error: