തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോണ്‍ പ്രാക്ടീസ് അലവന്‍സായി അനുവദിക്കുന്നുണ്ട്. ഈ തുക കൈപ്പറ്റിയാണ് ചില മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുളള വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുമതിയുളളൂ. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാന്‍ പാടില്ല. നഴ്‌സിന്റെയോ ടെക്‌നീഷ്യന്റെയോ സേവനം ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
‘ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിലാണ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്.