KeralaNEWS

സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം; അഭ്യൂഹങ്ങളില്‍ കേന്ദ്രമന്ത്രി സ്ഥാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തുന്നത്. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് എംപിമാരില്ല. അതിനാല്‍ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി.

കേരളത്തില്‍ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കായി രണ്ടു തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. സുരേഷ് ഗോപിയോട് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചതും ആവശ്യമായ പിന്തുണ നല്‍കിയതും കേന്ദ്ര നേതൃത്വമാണ്. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കൂടുതല്‍ നേട്ടത്തിനാണ് കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത്.

Signature-ad

തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. രാജ്യസഭാ സീറ്റിലൂടെ അധികാരം ലക്ഷ്യമിടാതെ ലോക്‌സഭയിലും നിയമസഭയിലും നേട്ടമുണ്ടാക്കാനാണ് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരുന്നത്. സുരേഷ് ഗോപി ആ ലക്ഷ്യം കൈവരിച്ചതോടെ അര്‍ഹിക്കുന്ന പദവി ലഭിക്കുമെന്ന് ഉറപ്പാണ്.

രാജ്യസഭയിലേക്ക് കേരളത്തില്‍നിന്ന് ഇനി അടുത്തെങ്ങും ആരെയും പരിഗണിക്കാന്‍ സാധ്യതയില്ല. രാജ്യസഭയില്‍ കാലാവധി അവശേഷിക്കുന്നതിനാല്‍ രാജീവ് ചന്ദ്രശേഖറിന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഒ.രാജഗോപാലും വി.മുരളീധരനും, അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് കേരളത്തില്‍നിന്ന് മുന്‍പ് ബിജെപിയുടെ കേന്ദ്രമന്ത്രിമാരായത്. പി.സി.തോമസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയായിട്ടുണ്ട്.

Back to top button
error: