KeralaNEWS

തൃശൂരില്‍ സംഘ്പരിവാറിന് നട തുറന്നുകൊടുത്തു; പ്രതാപനും ഡി.സി.സി പ്രസിഡന്റിനുമെതിരേ യൂത്ത് കോണ്‍ഗ്രസ്

തൃശ്ശൂര്‍: ‘സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത്’ ടി.എന്‍ പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍. മുഹമ്മദ് ഹാഷിം, എബിമോന്‍ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

‘തൃശൂരിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് അകല്‍ച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ.മുരളീധരന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്താവും സ്ഥിതി? നേതൃത്വത്തിന്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് ആയില്ല.ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കും’. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ കെ.മുരളീധരനും പ്രതികരിച്ചിരുന്നു.

Signature-ad

അതിനിടെ ടി.എന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെക്കണം, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ലെന്നും ഡിസിസി ഓഫീസിന് മുന്നില്‍ വെച്ച പോസ്റ്ററില്‍ പറയുന്നു.പോസ്റ്ററുകള്‍ പിന്നീട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എത്തി നീക്കം ചെയ്തു.

 

Back to top button
error: