പിണറായി വിജയൻ്റെ പ്രവചനങ്ങളെല്ലാം തെറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ പിടിച്ചെടുത്ത് കൊണ്ട് ഇടതുമുന്നണിയെ യു.ഡി.എഫ് നിലംപരിശാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഒരു ലക്ഷത്തിന് മുകളിലാണ് യുഡിഎഫിന്റെ 9 സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തെത്തിയതും ആറ്റിങ്ങലില്‍ വി.മുരളീധരന് ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനായതും കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഗ്രാഫിലെ ഉയര്‍ച്ച എടുത്ത് കാണിക്കുന്നു. 2019ല്‍ രാജ്യത്താകെ മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖംതിരിച്ചുനിന്ന സംസ്ഥാനത്ത് ഇത്തവണ താമര വിരിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ലേറെ സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്നാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.
ശബരിമല വിവാദങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ തോല്‍വിക്ക് പ്രധാന കാരണമായപ്പോള്‍ ഇത്തവണത്ത സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരമാണ് പരാജയത്തിനാധാരം. ഏക സിവില്‍കോഡ് അടക്കമുള്ള വിഷയങ്ങളുയര്‍ത്തി പ്രചാരണത്തിനിറങ്ങിയിട്ടും സമസ്തയുമായി ചങ്ങാത്തം കൂടിയിട്ടും മുസ്‌ലിം വോട്ടുകൾ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഈ നിലപാടുകള്‍ ചില മണ്ഡലങ്ങളില്‍ മറ്റുവിഭാഗങ്ങളെ അകറ്റാനും ഇടയാക്കി. എന്തായാലും ഈ പരാജയം പിണറായി വിജയൻ്റെ അപ്രമാധിത്വത്തിന് തിരിച്ചടിയാകും എന്ന് തീർച്ച
കേരളത്തില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ശേഷിയെ തളര്‍ത്തും. ഇന്ത്യാ സഖ്യത്തിന്റെ നായകരില്‍ പ്രധാനിയായ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരുത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണ് കേരളത്തിലെ കനത്ത പരാജയം. സീറ്റുകള്‍ കുറഞ്ഞത് ദേശീയ തലത്തില്‍ സി പി എമ്മിന് വലിയ ആഘാതമാവും.
കേരളത്തില്‍ നിന്നു പരമാവധി സീറ്റുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വലിയ സൂക്ഷ്മതയാണു സി പി എം പുലര്‍ത്തിയത്. പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, മന്ത്രി, മുന്‍ മന്ത്രിമാര്‍, സിറ്റിങ്ങ് എം എല്‍ എമാര്‍ തുടങ്ങി ഉന്നത നേതാക്കളെ സി പി എം കളത്തിലിറക്കിയെങ്കിലും ഫലം ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്നു തീർച്ച. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഉയര്‍ന്ന ഭൂരിപക്ഷം ഇതാണ് കാണിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തരാണ് എന്നതിന്റെ പ്രതികരണമായി ഫലം വിലയിരുത്തപ്പെടുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും മാവേലി സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്ലാതായതും സാധാരണ ജനങ്ങളുടെ അപ്രീതി ക്ഷണിച്ചു വരുത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കാത്തതാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞെങ്കിലും ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാര്‍ ധൂര്‍ത്തുകള്‍ നടത്തുന്നു എന്ന പ്രചാരണങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്തു.
2023 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് സഞ്ചരിച്ച നവകേരള സദസ്സ് വന്‍ ജനങ്ങളെ അണിനിരത്തിയെങ്കിലും പരിപാടി ഫലത്തില്‍ സര്‍ക്കാറിന് ക്ഷതമേല്‍പ്പിക്കയാണ് ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിക്കും സഞ്ചരിക്കാന്‍ ഒരു കോടി രൂപ ചെലവഴിച്ച് ആഡംബര ബസ്സ് വാങ്ങിയെന്നത് സര്‍ക്കാറിനെതിരായ വലിയ പ്രചാരണമായിത്തീര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട രീതിയും നവകേരള സദസ്സിന്റെ പ്രതിഛായ കെടുത്തി.
പിന്നാലെ ഉയര്‍ന്നുവന്ന മാസപ്പടി വിവാദം രണ്ടു കമ്പനികള്‍ തമ്മിലുള്ള കരാറാണെന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ജനമനസ്സില്‍ ഇടപാടിന്റെ കറ മായ്ച്ചു കളയാന്‍ കഴിഞ്ഞില്ല. ഇത്തരത്തില്‍ ജനവികാരത്തെ ഗൗനിക്കാത്ത നിരവധി സംഭവങ്ങള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടേയും പ്രതിച്ഛായ തകര്‍ത്തുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാന ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങുന്ന സ്ഥിതിവന്നതും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിൽ വലിയ എതിര്‍പ്പുകള്‍ സൃഷ്ടിച്ചു. കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുകളില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിയായതും വയനാട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പങ്കും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണായുധമാക്കി. ഇവയൊക്കെ വോട്ടിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
2019ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെ വന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയതുപോലെ ഈ പരാജയവും രാഷ്ട്രീയ അടിത്തറയെ ബാധിക്കില്ലെന്നാണ് സി പി എം കരുതുന്നത്.