തിരുവനന്തപുരം: കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. തുടക്കം മുതല്‍ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങല്‍ മണ്ഡലം അടൂര്‍ പ്രകാശ് നിലനിര്‍ത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് ഉയര്‍ത്തിയ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിഷിലായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം.
2019-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഡോ. എ. സമ്പത്തിനെതിരേ 38,247 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം ഇത്തവണ വെറും 1,708 വോട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍ എല്‍.ഡി.എഫിനും വി. ജോയിക്കും സന്തോഷിക്കാം. ഇരു മുന്നണികള്‍ക്കുമെതിരേ കടുത്ത പോരാട്ടം കാഴ്ചവെച്ച ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന്‍ ഇത്തവണ 3,07,133 വോട്ടുകള്‍ നേടിയത് ശ്രദ്ധേയമായി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രന്‍ 2,48,081 വോട്ടുകള്‍ നേടിയിടത്താണ് ഇത്തവണ മുരളീധരന് 59,052 വോട്ടുകള്‍ അധികം നേടാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ.്, യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ ലീഡ് 6000-ന് മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നത് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിന്റെ തെളിവായി.
സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പി.എല്‍. പ്രകാശ് 1758 വോട്ടുകളും എസ്. പ്രകാശ് 744 വോട്ടുകളും നേടിയത് അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം കുറച്ചതില്‍ പ്രധാനമായി. 9665 വോട്ടുകളാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നോട്ടയ്ക്ക് വീണത്. കഴിഞ്ഞ തവണ 3,42,748 വോട്ടുകള്‍ നേടിയ എല്‍.ഡി.എഫിന് ഇത്തവണ 21,572 വോട്ടുകള്‍ കുറഞ്ഞു.
മറ്റെങ്ങും കാണാത്തവിധം കടുപ്പമേറിയ ത്രികോണ മത്സരമായിരുന്നു ആറ്റിങ്ങലില്‍. രാവിലെ ഒമ്പതു മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന് ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ അടൂര്‍ പ്രകാശായിരുന്നു മുന്നില്‍. പിന്നാലെ 9.40-ഓടുകൂടി വന്ന ഫലസൂചനകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. ജോയ് 176 വോട്ടിന്റെ നേരിയ ലീഡ് നേടി.
പക്ഷേ ഈ ലീഡിന് മിനിറ്റുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളൂ. 10 മണി കഴിഞ്ഞതോടെ അടൂര്‍ പ്രകാശ് 2,142 വോട്ടിന്റെ ലീഡ് നേടി. ഏറിയും കുറഞ്ഞും അദ്ദേഹത്തിന്റെ ലീഡ് മാറിമറിഞ്ഞ് ഒടുവില്‍ 11 മണിയോടുകൂടി അടൂര്‍ പ്രകാശ് 2,885 വോട്ടിന്റെ ലീടെുത്തു.
20 മിനിറ്റിനുള്ളില്‍ ജോയ് ലീഡ് തിരികെപ്പിടിച്ചു. വീണ്ടും മാറിമറിഞ്ഞ ലീഡിനൊടുവില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വി. ജോയ് തന്റെ ലീഡ് 4.317 ആയി ഉയര്‍ത്തിയതോടെ എല്‍.ഡി.എഫ്. കേന്ദ്രങ്ങളില്‍ ആഹ്ലാദം അണപൊട്ടി. ഒരു മണിക്കൂറിന് ശേഷം അദ്ദേഹം ലീഡ് 5.526 ആയി ഉയര്‍ത്തിയതോടെ ഇത്തവണ എല്‍.ഡി.എഫ്. രണ്ടു സീറ്റുകളിലേക്കെന്ന സ്ഥിതിയായി. എന്നാല്‍ അവസാന 50,000 വോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെ അടൂര്‍ പ്രകാശ് വീണ്ടും നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഒടുവില്‍ അഞ്ചു മണിയോടെ ഫലം പുറത്തുവന്നപ്പോള്‍. അടൂര്‍ പ്രകാശിന് 1,708 വോട്ടിന്റെ വിജയം.
എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയില്‍ രാഷ്ട്രീയശ്രദ്ധ കിട്ടിയ മണ്ഡലമാണ് ആറ്റിങ്ങല്‍. 38,247 വോട്ടുകള്‍ക്ക് 2019-ല്‍ അടൂര്‍ പ്രകാശ് വിജയിച്ച മണ്ഡലത്തില്‍ പക്ഷേ ഇത്തവണ അദ്ദേഹത്തിന് ആ മുന്നേറ്റം സാധ്യമായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3,80,995 വോട്ടുകള്‍ നേടിയ അടൂര്‍ പ്രകാശിന് ഇത്തവണ 58,111 വോട്ടുകളുടെ കുറവ് വന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി ഇത്തവണ 59,052 വോട്ടുകള്‍ അധികം നേടിയെന്നത് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചുള്ള മുരളീധരന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തില്‍ ഫലം കണ്ടു എന്നു വേണമെങ്കില്‍ പറയാം. ശിവഗിരി മഠത്തിന്റെ പരോക്ഷമായ പിന്തുണയും മുരളീധരനുണ്ടായിരുന്നു.