”അടിച്ച് കേറി വാ മക്കളെ; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!” മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.
ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ”ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു”- കേരള പൊലീസ് കുറിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍:
1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്.
2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക
3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4.റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.
5.മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.