പുരുഷന്മാർ അലസന്മാന്മാരും യാഥാസ്ഥിതികരും; സ്ത്രീകൾ ഉത്സാഹവതികളും പുരോഗമനചിത്തരും
ലൈഫ്‌സ്റ്റൈൽ
സുനിൽ കെ ചെറിയാൻ
വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ജനിച്ചവരാണ് പെൺകുട്ടികൾ എന്നത് പഴയ സങ്കൽപം. ഇപ്പോൾ പെൺകുട്ടികൾക്ക് കല്യാണമോ കുഞ്ഞുങ്ങളോ വേണമെന്ന് നിർബന്ധമില്ലെന്ന് ഗവേഷണഫലങ്ങൾ (ഗ്ലോക്കലൈറ്റീസ് സ്ഥാപനം നടത്തിയ പോൾ ഒരുദാഹരണം).
”കുഞ്ഞുങ്ങളെ നോക്കുന്നത് സഹിക്കാം; ഭർത്താവിനെക്കൂടി ലാളിക്കണമെന്നായാലോ…?” എന്ന് അഭിപ്രായപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു.
ഡേറ്റിങ്ങ് പോലും ആവശ്യമില്ലെന്ന നിലപാടുമായി ഫോർബി എന്നൊരു പ്രസ്ഥാനം ദക്ഷിണ കൊറിയയിലുണ്ട്.
സാമ്പത്തികമായി സ്വയം പര്യാപ്‌തത നേടിയതോടെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാം എന്ന ധൈര്യമായി. ഉദ്യോഗകാര്യങ്ങളിലായാലോ? ഒന്നാമത്, ഉന്നതവിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിനേക്കാൾ കൂടുതലാണ്. ജോബ് മാർക്കറ്റിലായാലും സ്ത്രീകൾക്കാണ് മുൻഗണന. മാനേജർ, ഡയറക്ടർ പദവികളിൽ പുരുഷന്മാർ തുടരുമ്പോൾ അവർക്ക് ഭരിക്കാനായി താഴേക്കിടയിലുള്ളത് സ്ത്രീകൾ തന്നെ. വിശ്വസ്‌തത, സ്ഥിരത, സ്ത്രീകൾക്ക് പൊതുവേ സ്വായത്തമായിട്ടുള്ള നയങ്ങൾ ഇവയൊക്കെ അവരെ ഉദ്യോഗച്ചന്തയിൽ പ്രിയപ്പെട്ടവരാക്കുന്നു.
പണ്ട് പുരുഷന്മാർ ‘കൈയടക്കി’ വച്ചിരുന്ന മേഖലകൾ (കൃഷി മുതൽ ക്വട്ടേഷൻ വരെ) സ്ത്രീകൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. മദ്യപിക്കുന്ന സ്ത്രീകൾ ‘നോർമൽ’ ആയി. പാവാടയിൽ നിന്നും ജീൻസിലേയ്ക്ക് മാറിയതിനേക്കാൾ എളുപ്പമായി സ്ത്രീകളുടെ ഫ്രഷ് ജ്യൂസിൽ നിന്നും ഹോട്ട് ഡ്രിങ്ക്സിലേക്കുള്ള മാറ്റം.
ഇത് പുരുഷന്മാരെ കൊണ്ടുചെന്നെത്തിക്കുന്നത് യാഥാസ്ഥിക ചിന്തയിലേയ്ക്കാണ്. കാലം കൈവിട്ട് പോയെന്ന് ധരിച്ച അവർ നിയമം കൂടുതൽ കർക്കശമാവണമെന്ന് ആവശ്യപ്പെടുന്നു; രഷ്ട്രീയത്തിലെന്നല്ല, എങ്ങും ഏകാധിപത്യം ഇഷ്ടപ്പെടുന്നു. ഇക്കൂട്ടരാണ് സിനിമയിൽ വയലൻസ് ആഗ്രഹിക്കുന്നത്. ഇഷ്ടങ്ങൾ ഫലിക്കാതെ വരുമ്പോൾ അവർ തന്നെ സദാചാര ഗുണ്ടായിസം കാട്ടുന്നു.
സോഷ്യൽ മീഡിയ നോക്കൂ. കഴുത്ത് താഴ്ത്തി വെട്ടിയ ടോപ്പുമായി ഒരു പെൺകുട്ടി ഇരുന്ന് പാടുന്ന വീഡിയോയ്ക്ക് താഴെ കമന്റുകൾ പാട്ടിനെക്കുറിച്ചല്ല; ബ്ളൗസിനെക്കുറിച്ചും കേട്ടറിവ് പോലുമില്ലാത്ത അവരുടെ കാരക്ടറിനെക്കുറിച്ചുമാണ്. സ്ത്രീകളുണ്ടോ ഇത് വക വയ്ക്കുന്നു! വൈറലായ ഒരു മീം കാണിക്കുന്നത് ‘നിങ്ങൾക്ക് കൊടുംവനത്തിൽ ഒരു കരടിയുടെ കൂടെ പോകണോ അതോ ഒരു പുരുഷന്റെ കൂടെയോ’ എന്ന ചോദ്യത്തിന് കരടിയെ തെരഞ്ഞെടുക്കുന്ന വനിതയെ ആണ്.
ലൈംഗികത പോലും അത്യാവശ്യമല്ലെന്ന നിലയിലേയ്ക്ക് സ്ത്രീകൾ നയം കടുപ്പിച്ചതോടെ സമൂഹം ‘വരളുന്നത്’ പുതിയ തലമുറയുടെ എണ്ണക്കുറവിലേയ്ക്ക് മാത്രമല്ല; പ്രവചിക്കാനാവാത്ത സാമൂഹ്യ വിപത്തുകളിലേയ്ക്കുമാണ്.