വെളിച്ചം
അന്ന് സ്‌കൂളില്‍ നിന്നും കരഞ്ഞു കൊണ്ടാണ് അവള്‍ വന്നത്. കൂട്ടുകാര്‍ അവളെ തൊട്ടാവാടി എന്ന് വിളിച്ച് കളിയാക്കുന്നു. അമ്മ അവളെ തൊടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി തൊട്ടാവാടിയെ കാണിച്ചു കൊടുത്തു. എന്നിട്ട് അതിനെ തൊട്ടു. അപ്പോൾ അത് വാടുന്നത് അവള്‍ കണ്ടു. അവളുടെ മുഖം സങ്കടം കൊണ്ട് കുനിഞ്ഞു.
അമ്മയും മകളും കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ തൊട്ടാവാടി വിടര്‍ന്നുനില്‍ക്കുന്നത് കണ്ട് അവളുടെ മുഖവും വിടര്‍ന്നു.
അമ്മ പറഞ്ഞു:
“ചെറിയ കാര്യം വരുമ്പോള്‍ തളര്‍ന്നു പോകുന്നവരെ തൊട്ടാവാടി എന്ന് വിളിക്കാറുണ്ട് പക്ഷേ, നീ നോക്കൂ… ആ തളര്‍ന്ന തൊട്ടാവാടി ഇപ്പോള്‍ വീണ്ടും വിടര്‍ന്നു നില്‍ക്കുന്നത് കണ്ടില്ലേ…”
മകൾ കൗതുകപൂർവ്വം കേട്ടുനിന്നു:
“ഒന്ന് തൊട്ടാല്‍ തളര്‍ന്നുപോകുമെങ്കിലും കുറച്ച് സമയത്തിനകം അത് പൂര്‍വ്വസ്ഥിതിയിലേക്ക് വരും. ഈ തൊട്ടാവാടി നമ്മോട് എന്താണ് പറയുന്നതെന്നോ…”
അമ്മ തുടര്‍ന്നു:
“തോല്‍വികള്‍ എന്നത് താല്‍ക്കാലികമായ ഒരു പിന്‍വാങ്ങല്‍ മാത്രമാണ്. മനസ്സുകൊണ്ട് വിജയിച്ചേ മതിയാകൂ എന്ന് തീരുമാനിക്കുന്നവര്‍ തിരിച്ചു വരിക തന്നെ ചെയ്യും.”
അതെ, ജീവിതത്തില്‍ തോറ്റുപോകുവാനുളള കാരണങ്ങള്‍ ധാരാളമുണ്ടായേക്കാം.. എന്നാല്‍ അതിനെയെല്ലാം മറികടന്നു മുന്നോട്ട് പോകാന്‍ നമുക്ക് ഒരേ ഒരു കാരണം മതി.. ജയിച്ചേ മതിയാകൂ എന്ന തീരുമാനം.
വിജയകരമായ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ