KeralaNEWS

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം; 11.30ന് പരീക്ഷാഹാളില്‍ എത്തണം

തിരുവനന്തപുരം: ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.

ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്പതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എന്‍ജിനീയറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Signature-ad

ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.

അഡ്മിറ്റ് കാര്‍ഡുകള്‍

ജൂണ്‍ 5 മുതല്‍ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്/ ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

 

 

Back to top button
error: