IndiaNEWS

കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കില്‍ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ഈ ഉത്തരവില്‍ സ്ഥിരം ജാമ്യത്തിന് കെജ്രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിചാരണക്കോടതിയെ സമീപിക്കാതെ ഇടക്കാല ജാമ്യം നീട്ടുന്നതിന് സുപ്രീം കോടതിയില്‍ കെജ്രിവാള്‍ സമര്‍പ്പിച്ച അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രജിസ്ട്രിയുടെ നിലപാട്.

Signature-ad

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ആവശ്യം അടിയന്തരമായി കേള്‍ക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി നേരത്തെ അവധിക്കാല ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കുമെന്നായിരുന്നു അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്. ഇ.ഡി അറസ്റ്റ് ചെയ്ത നടപടി ചോദ്യംചെയ്ത് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി സുപ്രീം കോടതി മാറ്റിയിരിക്കുകയാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ പരിശോധകള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്നാണ് ആവശ്യം. സി.ടി. സ്‌കാന്‍ ഉള്‍പ്പടെ എടുക്കുന്നതിനാണ് കൂടുതല്‍ സമയം തേടി കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Back to top button
error: