ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായിരുന്ന തീപിടിത്തത്തില്‍ മരിച്ചവരില്‍ സ്ഥാപനത്തിന്റെ സഹഉടമയും. ടിആര്‍പി ഗെയിംസോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. തീപിടിത്തത്തില്‍ കുട്ടികളടക്കം 27 പേരാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ ഹിരണ്‍ സംഭവസ്ഥലത്തെത്തിയിരുന്നതായും തീപിടിത്തമുണ്ടായ സ്ഥലത്ത് അദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തിയതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തീപിടിത്തമുണ്ടായപ്പോള്‍ പ്രകാശ് ഹിരണ്‍ ഗെയിമിംഗ് സോണിനുള്ളിലായിരുന്നെന്നും പിന്നീട് ഇദ്ദേഹത്തെ കാണാതായെന്നും സഹോദരന്‍ ജിതേന്ദ്ര പരാതി നല്‍കിയിരുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെട്ട പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. തുടര്‍ന്ന് ഹിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിള്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് പ്രകാശ് ഹിരണനും മരിച്ചതായി കണ്ടെത്തിയത്.
ഗെയിമിംഗ് സോണിന്റെ 60 ശതമാനവും പ്രകാശിന്റെ പേരിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടാതെ റേസ് വേ എന്റര്‍പ്രൈസസിന്റെ പങ്കാളിയായിരുന്നു. ഇയാളെ പ്രതിയാക്കി ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്ക് പുറമെ മുഖ്യപ്രതിയും ധവല്‍ എന്റര്‍പ്രൈസസിന്റെ ഉടമയുമായ ധവാല്‍ തക്കര്‍, റേസ് വേ എന്റര്‍പ്രൈസസിന്റെ പങ്കാളികളായ അശോക് സിംഗ് ജഡേജ, കിരിത്സിന്‍ ജഡേജ, പ്രകാശ് ഹിരണ്‍, യുവരാജ്‌സിംഗ് സോളങ്കി, രാഹുല്‍ റാത്തോഡ് ഇവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇവരെല്ലാം തീപിടിത്തമുണ്ടായ ഗെയിം സോണില്‍ നിന്നും ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ ധവാലടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ബന്ധുവീട്ടില്‍ നിന്നാണ് മുഖ്യ പ്രതി ധവാല്‍ പിടിയിലായത്. അപകടം നടന്നതിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ ബന്ധുവീട്ടില്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്. 25 ഓളം പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഗെയിം സോണുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അന്വേഷണസംഘം ശേഖരിച്ചതായിഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവി പറഞ്ഞു. തീപിടിത്തത്തില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.