ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മറ്റൊരു മഹാമാരിക്ക് കൂടി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന പാട്രിക് മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും രാജ്യം ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി ഭീഷണികള്‍ അതിവേഗം കണ്ടുപിടിക്കാന്‍ കഴിവുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ യുകെ ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പാട്രിക് ഊന്നിപ്പറഞ്ഞു. ”നമ്മള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പരിശോധനകള്‍ ദ്രുതഗതിയിലാക്കണം.
വാക്‌സിന്‍, ചികിത്സ എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും” വാലന്‍സ് വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കാം താന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ജി7 നേതാക്കള്‍ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലന്‍സ് കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ പാന്‍ഡെമിക് കരാറിനെക്കുറിച്ചും പാട്രിക് പരാമര്‍ശിച്ചു. ‘ശുഭകരമായ ചുവട്’ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇതിനെ വിശേഷിപ്പിച്ചത്.