തൃശൂര്‍: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.
ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ പാമ്പ് ഉണ്ടെന്നും യാത്രക്കാര്‍ പാമ്പിനെ കണ്ടതായും പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മറ്റു യാത്രക്കാരോട് യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കോട്ടയത്താണ് യുവതി പഠിക്കുന്നത്. കോട്ടയത്തേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ട്രെയിനില്‍ കയറിയത്. ഷൊര്‍ണ്ണൂര്‍ ഇറങ്ങി അവിടെ നിന്ന് കോട്ടയത്തേയ്ക്ക് പോകാന്‍ വേണ്ടിയാണ് പാസഞ്ചര്‍ ട്രെയിനില്‍ കയറിയത്. പാമ്പ് കടിച്ചതോടെ യുവതി യാത്രാമധ്യ വല്ലപ്പുഴയില്‍ ഇറങ്ങുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ആയത് കൊണ്ട് കാലില്‍ തുണിയും മറ്റും കെട്ടി പ്രാഥമിക കാര്യങ്ങള്‍ ചെയ്ത ശേഷമാണ് യുവതി വല്ലപ്പുഴയില്‍ ഇറങ്ങിയത്.