തൃശ്ശൂര്‍: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.