CrimeNEWS

പോലീസുകാര്‍ക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ഗുണ്ടാനേതാവിന്റെ വീട്ടില്‍ കണ്ടെത്തിയിരുന്നില്ലെന്ന് SP

കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാര്‍ക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആലുവ റൂറല്‍ എസ്.പി വൈഭവ് സക്‌സേന. അതേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നില്‍ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറല്‍ എസ്.പി. പറഞ്ഞു.

പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാല്‍, ഇദ്ദേഹം തമ്മനം ഫൈസലിന്റെ വീട്ടില്‍ത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്.

Signature-ad

ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാര്‍ക്കുമെതിരെയാണ് റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വീട്ടില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഇതില്‍ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന വീടാണിതെന്നും റൂറല്‍ എസ്.പി വൈഭവ് സക്‌സേന പറഞ്ഞു.

വിരുന്നില്‍ കണ്ടെത്തിയ പോലീസുകാരില്‍ ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥനാണ് മറ്റൊരാള്‍. മൂന്നുപേരും കോണ്‍സ്റ്റബിള്‍മാരാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെയാണ് എം.ജി.സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ ദീര്‍ഘകാലം ജോലിചെയ്തിരുന്നു. അവിടെവെച്ചുള്ള ബന്ധത്തെ തുടര്‍ന്നാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തില്‍ ഡി.വൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകും. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന എംജി സാബുവിനെതിരേ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 

Back to top button
error: