കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നിലച്ചു. കഴിഞ്ഞ ഒരുമാസമായി ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. കോടികള്‍ കുടിശ്ശിക ആയതോടെ വിതരണക്കാര്‍ സ്റ്റന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് കാരണം. മീഡിയവണ്‍ എക്‌സക്ലൂസീവ്.
കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നുണ്ട് പക്ഷേ ചുരുക്കം ആന്‍ജിയോഗ്രാമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കഴിഞ്ഞ മാസമാണ് അവസാനമായി ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ ഉള്‍പ്പെടെ ഹൃദ്രോഗത്തിന്റെ ഭാഗമായുള്ള യാതൊരു ശസ്ത്രക്രിയകളും നടത്തുന്നില്ല. ഒരു മാസത്തില്‍ 40 മുതല്‍ 50 വരെ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നിടത്താണ് ഒന്ന് പോലും നടക്കാതിരിക്കുന്നത്. ബീച്ചാശുപത്രിയില്‍ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.
ഏപ്രില്‍ ഒന്ന് മുതല്‍ വിതരണക്കാര്‍ ആശുപത്രിയിലേക്ക് സ്റ്റന്റ് നല്‍കുന്നില്ല. നേരത്തെ ഉണ്ടായിരുന്ന സ്റ്റോക്കുപയോഗിച്ചാണ് കുറച്ച് ദിവസം ശസ്ത്രക്രിയകള്‍ നടത്തിയത്. ഹൃദ്രോഗവുമായെത്തുന്ന രോഗികളോട് എന്ന് വരണമെന്ന് പോലും പറയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല.