ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെച്ചൊല്ലി ന്യായാധിപനും അയല്‍ക്കാരനും തമ്മില്‍ ‘പോര്’. നായയെ കാണാതായതിന് പിന്നില്‍ അയല്‍ക്കാരനാണെന്നാണ് ന്യായാധിപന്റെ കുടുംബാംഗങ്ങളുടെ ആരോപണം. ന്യായാധിപന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഹര്‍ദോയിലെ സിവില്‍ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്റേലിയിലെ സണ്‍സിറ്റി കോളനിയിലാണ് ജഡ്ജിയുടെ കുടുംബം താമസിക്കുന്നത്.
ന്യായാധിപന്റെ കുടുംബവും അയല്‍ക്കാരന്റെ കുടുംബവും തമ്മില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കമുണ്ടായതായി പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു. അയല്‍ക്കാരന്റെ മകന്‍ ജഡ്ജിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.
മേയ് 16 ന് രാത്രി പത്ത് മണിയോടെ അയല്‍ക്കാരന്റെ ഭാര്യയും ജഡ്ജിയുടെ കുടുംബവും തമ്മില്‍ നായയുടെ പേരില്‍ വഴക്കുണ്ടായി. അയല്‍വാസിയുടെ ഭാര്യയേയും മകളേയും നായ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കലഹം. തുടര്‍ന്നാണ് നായയെ കാണാതായത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ ജഡ്ജി ബെയ്റേലി പോലീസിനെ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. നിയമനടപടി സ്വീകരിക്കാന്‍ ഏരിയ ഓഫീസര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് നായയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ന്യായാധിപന്റെ കുടുംബം അതിന് തയ്യാറായില്ലെന്നാണ് വിവരം.