പോര്‍ട്ട് മോര്‍സ്ബി: പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 100ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.
തെക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ (370 മൈല്‍) വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെ എങ്കാ പ്രവിശ്യയിലെ കാക്കളം വില്ലേജിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര പേര്‍ മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണസംഖ്യ 100ന് മുകളിലാണെന്നാണ് നിലവിലെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വലിയ പാറക്കല്ലുകളും മരങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ഒരു ഗ്രാമവാസി പറഞ്ഞു. ‘ആളുകള്‍ അതിരാവിലെ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചത്, ഗ്രാമം മുഴുവന്‍ താഴേക്ക് പോയി. 100-ലധികം ആളുകള്‍ മണ്ണിനടിയിലാണ്” പോര്‍ഗെര വിമന്‍ ഇന്‍ ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് എലിസബത്ത് ലാറുമ പറഞ്ഞു.