CrimeNEWS

വാട്‌സാപ് വഴി ‘അറസ്റ്റ് വാറന്റ്’, ചോദ്യം ചെയ്യാന്‍ വിഡിയോ കോള്‍; ബോധരഹിതയായി വീട്ടമ്മ

എറണാകുളം: മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന വാട്‌സാപ് കോളില്‍ വിളിച്ചു പണം തട്ടാന്‍ ശ്രമം. അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്റ് പകര്‍പ്പ് അയച്ചു കൊടുത്തതോടെ മൂവാറ്റുപുഴയിലെ വീട്ടമ്മ ബോധരഹിതയായി. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്‌സാപ്പില്‍ വിളിച്ചത്.

സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്.

Signature-ad

വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ചു ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ വീഡിയോ കോള്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയില്‍ എത്തിയ നാരായണന്‍ നായര്‍ ഇയാള്‍ വാട്‌സാപ്പില്‍ അയച്ചു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.

Back to top button
error: