KeralaNEWS

മോഹൻലാലും ഇടവേള ബാബുവും ‘അമ്മ’യുടെ പദവി ഒഴിയും, ആരായിരിക്കും പുതിയ ഭാരവാഹികൾ   

   അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ  തലപ്പത്ത് 25 വർഷക്കാലം  ഇടവേള ബാബു ഉണ്ടായിരുന്നു. വിവിധ പദവികളിലൂടെ സംഘടനയെ നയിച്ച  ബാബു ഇനി ഭാരവാഹിയാകാനില്ല. നിലവിൽ ജനറൽ സെക്രട്ടറിയായ ബാബു മാറുന്നതോടെ പ്രസിഡന്റ് മോഹൻലാലും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്തായാലും  ഇക്കുറി ‘അമ്മ’യിൽ  വലിയ മാറ്റങ്ങൾക്ക് സാധ്യത.

ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. വോട്ടവകാശമുള്ളത് 506 അംഗങ്ങൾക്കാണ്. ജൂൺ 3 മുതൽ പത്രികകൾ സ്വീകരിക്കും. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു:

Signature-ad

”ഒരു മാറ്റം അനിവാര്യമാണ്. ഞാൻ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആൾക്കാർ വരട്ടെ.”
ഇടവേള ബാബു പറയുന്നു.

കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മമ്മൂട്ടിയാണ് പിൻതിരിപ്പിച്ചത്. വികാരഭരിതമായ അദ്ദേഹത്തിൻ്റെ വാക്കുകൾക്കു മുന്നിൽ ബാബു വഴങ്ങി. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന്  ബാബു പറയുന്നു.

1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി പദവിയിലായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.

2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു  പക്ഷേ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.

മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി.
ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻപോളിയും ആശാ ശരത്തും ഹണി റോസുമാണ് തോറ്റത്.
പുതിയ ഭാരവാഹികൾ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ചലച്ചിത്രലോകം.

Back to top button
error: