കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യക്കര്‍ഷകരുടെ പ്രതിഷേധം കനത്തു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമരക്കാര്‍ ഓഫീസിലേക്കു ചീഞ്ഞ മീന്‍ എറിഞ്ഞു. പെരിയാര്‍ സംഭവത്തില്‍ ഉത്തരവാദിത്തം ഇറിഗേഷന്‍ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം.
ഇനി മനുഷ്യരായിരിക്കും ചാകാന്‍ പോകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയണം എന്നാണ് അവരുടെ ആവശ്യം. ടി.ജെ. വിനോദ് എംഎല്‍എയും ഡിസിസി സെക്രട്ടറി മുഹമ്മദ് ഷിയാസും ഉള്‍പ്പെടെയുള്ളവര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി. മത്സ്യക്കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പ്രതിഷേധിച്ചത്.
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട്. അതേസമയം, ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ശക്തമായ സമരമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനു മുന്നില്‍ നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയിരിക്കുന്നത്. പെരിയാറില്‍ കൂടുകള്‍ ഒരുക്കി ഇതില്‍ മത്സ്യകൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്. മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാര്‍ വലിയ തോതില്‍ മലിനമായി. ഈ മത്സ്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടര്‍ക്ക് 3 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.