KeralaNEWS

ടൂറിസ്റ്റുകൾ ഊട്ടി- കൊടൈക്കനാൽ  യാത്രകള്‍ ഒഴിവാക്കുന്നു, കോളടിച്ചത് മൂന്നാറിന്; സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

    ഊട്ടി– കൊടൈക്കനാൽ  യാത്രകള്‍ക്ക് ഇ-പാസ് കർശനമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ  മൂന്നാറില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ചയായതോടെ പരമാവധിയിലെത്തി. 13 കിമി ദൂരം പിന്നിടാന്‍ മൂന്നാറിലെത്തിയ സഞ്ചാരികള്‍ക്ക് ഏതാണ്ട് 5.5 മണിക്കൂറാണ് എടുത്തത്.

2006 നു ശേഷം മൂന്നാറില്‍ ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
നീലക്കുറിഞ്ഞി പൂത്ത 2006 ല്‍ മൂന്നാറിൽ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ നടപടിയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചത്.

Signature-ad

ഇ–പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി.
പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയത് റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതിയിൽ താഴെ സന്ദർശകർ മാത്രമാണ് എത്തുന്നത് എന്ന് കണക്കുകൾ പറയുന്നു.

.സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലത്രേ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്നത്രേ.

ഊട്ടി തേയിലയും ഡ്രൈ ഫ്രൂട്സും മറ്റും വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്.
നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

Back to top button
error: