തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് 13.75 ലക്ഷം രൂപ നഷ്ടമായി. കഴക്കൂട്ടം കുളത്തൂര്‍ മണ്‍വിളയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ചതിക്കപ്പെട്ടത്. ഷെയര്‍ ട്രേഡിങ്ങിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിവരങ്ങള്‍ ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി പങ്കുവച്ചായിരുന്നു തുടക്കം. പിന്നീട് മുപ്പതും നാല്‍പ്പതും പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ത്തു.
അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോള്‍ നാല്‍പതിനായിരം രൂപവരെ ലാഭം കിട്ടിയതായി പലതരം സ്‌ക്രീന്‍ ഷോട്ടുകളും രേഖകളും ഗ്രൂപ്പില്‍ പങ്കുവച്ചു. അംഗങ്ങളുടെ സന്ദേശങ്ങള്‍ വിശ്വസിച്ച യുവതി ഗ്രൂപ്പിലുള്ളവരുടെ നിര്‍ദേശപ്രകാരം ഫോണില്‍ ട്രേഡിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നീട് ഗ്രൂപ്പില്‍ വരുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു.
ആദ്യം 50,000 രൂപയാണ് നിക്ഷേപിച്ചത്. ഇതില്‍ മൂന്നിരട്ടി ലാഭം കിട്ടിയതായി ആപ്പില്‍ കാണിച്ചതോടെ വീണ്ടും അരലക്ഷം രൂപ കൂടി നിക്ഷേപിച്ചു. കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രേരിപ്പിച്ചതോടെ 3,75,000 രൂപയും ഒടുവില്‍ 9 ലക്ഷം രൂപയും അയച്ചു. പിന്നീട് ലാഭവിഹിതം പിന്‍വലിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങള്‍ക്കായി വീണ്ടും പണം ആവശ്യപ്പെട്ടു.അപ്പോള്‍ മാത്രമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.