ആലപ്പുഴ: യുവാവിനെ റെയില്‍വേ ട്രാക്കിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ശങ്കര്‍ (28), സഹോദരന്‍ അഭിമന്യു എന്ന സാഗര്‍ (24), പത്തിയൂര്‍ ചെമ്പക നിവാസില്‍ അമല്‍ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതി രാഹുല്‍ ഒളിവിലാണ്.
കൃഷ്ണപുരം കാപ്പില്‍ പ്രസാദ് ഭവനത്തില്‍ അരുണ്‍പ്രസാദ് (26) ആണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തിന്റെയും പൊലീസിനെ അറിയിച്ചാല്‍ കൊത്തി നുറുക്കുമെന്ന് വടിവാള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
16 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആക്കനാട് കോളനിയുടെ വടക്കുള്ള ഗ്രൗണ്ടിലും അതിനു വടക്കുള്ള റെയില്‍വേ ട്രാക്കിനു സമീപത്തുമാണ് പൈശാചികത അരങ്ങേറിയത്.
നാലംഗ സംഘം വടിവാളും കുറുവടിയും പാറക്കല്ലും ഉപയോഗിച്ച് അരുണ്‍പ്രസാദിന്റെ ശരീരത്തിലും തലയ്ക്കും അടിക്കുകയും ഇടിക്കുകയുയിരുന്നു. വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇയാളുടെ ഐ ഫോണും ടൈറ്റന്‍ വാച്ചും പിടിച്ചുപറിച്ചു. രണ്ടു ദിവസം മുന്‍പ് ഗുണ്ടാസംഘവും അരുണ്‍ പ്രസാദും തമ്മില്‍ വാക്കുതര്‍ക്കവും കൈയാംകളിയും നടന്നിരുന്നു. ഇതില്‍ ഓച്ചിറ പൊലീസില്‍ പരാതി നല്‍കുകയും ഒരു പ്രതിയുടെ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിനു പിന്നില്‍.
ഒന്നാം പ്രതി അനൂപ് ശങ്കര്‍ 17 കേസുകളില്‍ പ്രതിയാണ്. ഇയാളും അനുജന്‍ അഭിമന്യുവും കാപ്പ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. അമലിനെ ആലപ്പുഴ ജില്ലയില്‍ നിന്ന് കാപ്പാനിയമപ്രകാരം നാടുകടത്തിയിട്ടുള്ളതാണ്. മൂന്നാം പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.