CrimeNEWS

അല്‍ക്ക ബിസിനസ് പങ്കാളി, ലഹരി സംഘത്തിന്റെ കണക്ക് ബുക്കില്‍ രഹസ്യ പേരുകാരായി ഇക്കയും ബോസും

കൊച്ചി: മോഡലുള്‍പ്പെട്ട ലഹരിക്കേസില്‍ പൊലീസ് അന്വേഷണം പ്രതികളില്‍ നിന്ന് കണ്ടെടുത്ത ‘കണക്ക് ബുക്കിലെ’ രഹസ്യപേരുകാരിലേക്ക്. ഇക്ക, ബോസ് എന്നീ പേരുകാര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കണക്കുകളാണ് ബുക്കിലുള്ളത്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ കൊക്കൈനുള്‍പ്പെടെ കൊച്ചിയില്‍ എത്തിച്ച് വിറ്റിരുന്നത്. ഇക്കയും ബോസും ബംഗളൂരുവിലുള്ള ലഹരി ഇടപാടുകാരായിരിക്കാം എന്നാണ് പൊലീസ് നിഗമനം.

സൂരജ്, സല്‍മ, വിജയ്, അഗോരി, കെപി, എമിറിറ്റസ് എന്നിങ്ങനെ ലഹരിമരുന്ന് വാങ്ങിയവരുടെ പേരുകളും കണക്ക് പുസ്തകത്തിലുണ്ട്. അജിത്ത്, മിഥുന്‍ മാധവ് എന്നീ യുവാക്കളാണ് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് രണ്ട് പേരും ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇവരെ വൈകാതെ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Signature-ad

വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അന്‍സാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസര്‍ (18), തൃശൂര്‍ സ്വദേശി എബിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. കഴിഞ്ഞ 13 മുതല്‍ സംഘം ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.

വീര്യം കൂടിയ കൊക്കൈയ്നാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പൊലീസ് സംഘം ലോഡ്ജില്‍ എത്തുമ്പോള്‍ ആറുപേരും ലഹരിയുടെ ഉന്മാദത്തിലായിരുന്നു. അഞ്ച് യുവാക്കള്‍ കൊക്കൈയ്ന്‍ ഉപയോഗിച്ചെങ്കിലും അല്‍ക്കയ്ക്ക് ഇത് നല്‍കിയില്ല. വീര്യം കൂടുതലായതിനാലാണ് നല്‍കാതിരുന്നതെന്നാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

മോഡല്‍ അല്‍ക്ക ബോണി മോഡലിംഗ് രംഗത്തുള്ളവര്‍ക്കും ലഹരി കച്ചവടം നടത്തിയതായാണ് സംശയിക്കുന്നത്. പങ്കാളികളായി പ്രവര്‍ത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളാണെന്നും വ്യക്തമായിട്ടുണ്ട്. ”വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും പേര്‍കൂടി ലഹരിവില്‍പന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ആറ് ഫോണുകളുടെ സി.ഡി.ആര്‍ പരിശോധിക്കും. ഇതിലൂടെ കണ്ണികളെ പൂട്ടാനാകുമെന്നാണ് കരുതുന്നത്. എളമക്കര എസ്.എച്ച്.ഒ പറഞ്ഞു. പിടിയിലായ രഞ്ജിത്ത് മൂന്ന് കൊലപാതകശ്രമ കേസുകളിലും ഒരു പിടിച്ചുപറി കേസിലും പ്രതിയാണ്. സൂരജിന് വിവിധ സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളുണ്ട്.

ഒരു ഗ്രാം മെത്താഫെറ്റമിന്‍ 1500 മുതല്‍ 3000 രൂപയ്ക്കും കൊക്കെയിന്‍ ഒരു ഗ്രാമിന് ആറായിരം രൂപ മുതല്‍ മുകളിലേക്കുമാണ് വില. ഇത് പിന്നീട് മൂന്ന് ഇരട്ടിവിലയ്ക്കാണ് ആറംഗ സംഘം വിറ്റഴിച്ചിരുന്നത്. പതിനായിരം മുതല്‍ അരലക്ഷം രൂപവരെയാണ് ലാഭം. ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്.

 

 

Back to top button
error: