NEWSWorld

കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, പാക്ക് വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ആശങ്കയില്‍ 15,000 പേര്‍

ന്യൂഡല്‍ഹി: മുന്‍ സോവിയറ്റ് റപ്പബ്‌ളിക്കായ കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വന്‍ പ്രതിഷേധം നടക്കുകയാണ്. മൂന്നു പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കിര്‍ഗിസ്ഥാനില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനിടെ, കിര്‍ഗിസ്ഥാനില്‍നിന്നു ലഹോറിലെ അല്ലാമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 180 പാക്ക് വിദ്യാര്‍ഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

പാക്കിസ്ഥാന്‍, ഈജിപ്ത് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും തദ്ദേശീയരും തമ്മിലുണ്ടായ തര്‍ക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈജിപ്തില്‍നിന്നുള്ള വിദ്യാര്‍ഥിനികളുടെ നേര്‍ക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

കിര്‍ഗിസ്ഥാനിലെ വിദ്യാര്‍ഥികളും ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു വലിയ സംഘര്‍ഷമായത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികള്‍ തിരഞ്ഞെടുക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ കിര്‍ഗിസ്ഥാനിലുണ്ട്. നിലവില്‍ കിര്‍ഗിസ്ഥാനില്‍ 15,000ല്‍പരം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ക്ലിനിക്കല്‍ പരിശീലനമുള്‍പ്പെടെ 5-6 വര്‍ഷം കൊണ്ടുനേടിയെടുക്കാവുന്ന എംബിബിഎസ് ബിരുദത്തിന് 22 ലക്ഷം രൂപയാണു ചെലവു വരിക. ഇതാണ് റഷ്യ, യുക്രെയ്ന്‍, കിര്‍ഗിസ്ഥാന്‍ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെത്താന്‍ കാരണം.

 

Back to top button
error: