തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ റാംഗിഗിന് ഇരയായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം.
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളില്‍ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേര്‍ത്താണ് സ്ഥാനക്കയറ്റം നല്‍കിയത്.
അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരാന്‍ അമ്മ എം.ആര്‍. ഷീബയെ ഹൈക്കോടതി അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ അമ്മ കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജികള്‍ക്കൊപ്പം ഷീബയുടെ അപേക്ഷയും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് 22ന് പരിഗണിക്കാന്‍ മാറ്റി.
കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്ത എസ്.ഡി. ആകാശ്,ബില്‍ഗേറ്റ് ജോഷ്വ,വി. നസീഫ്,റെയ്ഹാന്‍ ബിനോയ്,എന്‍. അസിഫ്ഖാന്‍,അഭിഷേക്, ആര്‍.ഡി. ശ്രീഹരി,കെ. അഖില്‍,അല്‍താഫ്,കെ. അരുണ്‍,അമീന്‍ അക്ബര്‍ അലി എന്നിവരാണ് ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ ഇതുവരെ 19 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമര്‍ദ്ദനത്തിനും ഇരയായെന്ന് സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തണമെന്നുമാണ് ഷീബയുടെ ആവശ്യം.
പ്രതികളുടെ പങ്ക് സി.ബി.ഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് മകന്‍ നേരിട്ടത്. വൈദ്യസഹായംപോലും നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ ആവശ്യം.