കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്നുപറഞ്ഞ് തെറ്റായ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്‌ളാറ്റ്ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്‌ളാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. ട്രെയിന്‍ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു.
ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ നിര്‍ത്തുന്ന സ്ഥലമാണ് പ്‌ളാറ്റ്ഫോം ഒന്ന്. ഇവിടെ കയറാന്‍ കഴിയാത്തതുമൂലം ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. ഇത് യാത്രക്കാര്‍ പലരും അറിയുന്നില്ല. രാവിലെയായിട്ടും ഗുഡ്‌സ് ട്രെയിന്‍ ട്രെയിന്‍ മാറ്റിയിട്ടുമില്ല. .
ഗുഡ്‌സ് ട്രെയിലെ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍, ട്രാക്ക് മാറി ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചോ എന്നും വ്യക്തതയില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക്കോ പൈലറ്റില്ലാതെ ഗുഡ്സ് ട്രെയിന്‍ 80 കിലോമീറ്ററോളം ഓടിയിരുന്നു. ജമ്മുകാശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാനു സമീപം ഉചി ബാസി വരെയാണ് ട്രെയിന്‍ ഓടിയത്.കത്വാ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു 53 വാഗണുകളുള്ള ചരക്ക് ട്രെയിന്‍. ചെറിയ ഇറക്കമുള്ള പാതയില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതെ ലോക്കോ പൈലറ്റ് പുറത്തേക്ക് പോയതാണ് കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സ്വമേധയാ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ അഞ്ചു സ്റ്റേഷനുകള്‍ കഴിഞ്ഞാണ് തടയാനായത്.