തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ ബസിലെ സി.സി.ടി.വി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.
ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്. ഇതിനിടെയാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇതോടെ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകും. അതിന് മുന്‍പ് നിയമോപദേശം നേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.